രുചി

ദീപാവലി മധുരം: രസഗുള

By Vinitha

November 01, 2013

ചേരുവകള്‍ 

പാല്‍ – 1/2 ലിറ്റര്‍. മൈദ – 2 ടീസ്പൂണ്‍. പഞ്ചസാര – 1 കപ്പ്. വെള്ളം – 1 കപ്പ്. റോസ് എസ്സെന്‍സ് 2-3 തുള്ളി., അല്ലെങ്കില്‍ ഏലപ്പൊടി ഒരു നുള്ള്. 1/2 കപ്പ് വെള്ളത്തില്‍ അല്ലെങ്കില്‍ 2-3 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ 1/4 ടീസ്പൂണ്‍ സിട്രിക്ക് ആസിഡ് ലയിപ്പിച്ച ലായനി.

തയ്യാറാക്കുന്ന വിധം.  ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. അതിലേയ്ക്ക് മേല്‍പ്പറഞ്ഞ ലായനി ചേര്‍ത്ത് പതുക്കെ ഇളക്കുക. പാല്‍ക്കട്ടിയും വെള്ളവുമായി പാല്‍ വേര്‍തിരിയുമ്പോള്‍ പാല്‍ക്കട്ടിയെടുത്ത് തണുത്ത വെള്ളത്തില്‍ കഴുകുക. ഒരു തുണിയില്‍ ഈ പാല്‍ക്കട്ടി പൊതിഞ്ഞ് പാല്‍ക്കട്ടിയിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക. ഈ പാല്‍‌ക്കട്ടിയെ ചെന്ന എന്നാണ് പറയുന്നത് ഇനി ഇതിനെ നന്നായി കുഴച്ച് മാവാക്കുക. മൈദ മാവും കൂടി ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ഈ മാവിനെ 6-7 ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക. പഞ്ചസാരയും വെള്ളവും പാത്രത്തിലെടുത്ത് അടുപ്പത്ത് വെച്ച് പഞ്ചസാര ലായനി ഉണ്ടാക്കുക. ഇനി ചെന്ന ഉരുളകള്‍ ( പാല്‍ക്കട്ടി കൊണ്ട് ഉണ്ടാക്കിയ ഉരുളകള്‍) പഞ്ചസാര ലായനിയില്‍ ഇട്ട് പകുതി അടച്ച് വെച്ച് 15 മിനിറ്റ് ചൂടാക്കുക. ചെന്ന ഉരുളകള്‍ വീര്‍ത്ത് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി റോസ് എസ്സെന്‍സ് ചേര്‍ത്ത് തണുക്കാന്‍ ഫ്രിഡ്ജില്‍ വെക്കുക. തണുത്തതിനു ശേഷം വിളമ്പാം.