വീട്ടുകാര്യം

യുവത്വം സൂക്ഷിക്കാം നാല്പത് കഴിഞ്ഞും

By Reema

June 01, 2022

സാധാരണയായി നാല്പതു വയസ്സു കഴിയുമ്പോള്‍ സ്ത്രീകള്‍ സ്വയം വയസ്സായി എന്നു കരുതുകയും സ്വന്തം ശരീരത്തെക്കുറിച്ച് ഒന്നും ശ്രദ്ധിക്കാതെ ഭര്‍ത്താവിനെയും മക്കളെയും പരിചരിച്ച് വീട്ടുകാര്യങ്ങളില്‍ വ്യാപൃതരായി ജീവിയ്ക്കുകയുമാണ് പതിവ്. എന്നാല്‍ ചലച്ചിത്ര രംഗത്തുള്ള പ്രശസ്തരായ പല നടിമാരും സ്വന്തം ശരീരത്തെ ശ്രദ്ധിക്കുന്നതുകൊണ്ട് പ്രായം കടന്നുപോകുന്നത് അറിയുന്നതേയില്ല. നാല്പതു വയസ്സു കഴിഞ്ഞും യൌവ്വനം നിലനിര്‍ത്താന്‍ ജീവിതക്രമത്തില്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ മതിയാകും.

നാല്പതു വയസു കഴിയുമ്പോള്‍ സ്ത്രീ സൌന്ദര്യത്തിന് ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചര്‍മത്തിനും, തലമുടിക്കും, ശരീരഘടനയിലും ഒക്കെ മാറ്റം വരുന്നു. വരണ്ട ചര്‍മം ഉള്ളവരാണെങ്കില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതായി കാണപ്പെടുന്നു. മാത്രമല്ല തൊലിപ്പുറത്ത് കറുത്ത പാടുകളും പ്രത്യക്ഷപ്പെടും. കണ്‍‌തടങ്ങളിലെ കറുപ്പ് നിറം, കീഴ്ത്താടി തൂങ്ങുക എന്നിവയൊക്കെ നാല്പതു വയസു കഴിയുമ്പോള്‍ സ്ത്രീ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളുടെ ഫലമാണ്.

കണ്‍‌തടങ്ങളിലെ കറുപ്പ് മാറുന്നതിന് വെള്ളരിക്കയുടെ ജ്യൂസ് കണ്ണിനടിയില്‍ ഇടയ്ക്കിടെ പുരട്ടുക. പപ്പായ പഴുത്തത് ഉടച്ചെടുത്ത് കറ്റാര്‍വാഴയുടെ നീരും, തൈരും, അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കി ദിവസവും അരമണിക്കൂര്‍ കുളിയ്ക്കുന്നതിനു മുന്‍പായി ഇട്ട് കഴുകുക. ആഴ്ചയില്‍ മൂന്നു ദിവസം വിറ്റമിന്‍ – ഇ ക്യാപ്സ്യൂളിലെ ഓയില്‍ പുരട്ടി അരമണിക്കൂര്‍ ഇടുക.

ആഴ്ചയിലൊരിക്കല്‍ ഓയില്‍ ബാത്ത് നടത്തണം. വീര്യം കുറഞ്ഞ ബോഡി ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദേഹം മുഴുവന്‍ എണ്ണ പുരട്ടി ഒരു മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കുളിയ്ക്കുക. മാസത്തില്‍ രണ്ടു പ്രാവശ്യം പാദസംരക്ഷണത്തിനായി പെഡിക്യൂര്‍ ചെയ്യുക. കാലിലെ മൃതകോശങ്ങള്‍ ( ഡെഡ് സെല്‍‌സ് ) എല്ലാം മാറ്റി ക്രീം മസ്സാജ് ചെയ്യുക. കാലുകള്‍ക്ക് മസ്സാജ് കിട്ടുന്നതുവഴി ശരീരത്തിനു നല്ല ഉന്മേഷവും ഓജസ്സും കിട്ടും.

സാധാരണ നാല്പതു വയസ്സിനു ശേഷമാണ് ഡയബറ്റിക്സ് , കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് സാധ്യത. അതുകൊണ്ട് കാലുകള്‍ വിണ്ടുകീറാതെ സൂക്ഷിക്കണം. ദിവസവും അരമണിക്കൂര്‍ എങ്കിലും യോഗ പോലുള്ള വ്യായാമങ്ങളും ശ്വസന ക്രിയകളും ചെയ്യാന്‍ ശീലിക്കുക. മുടിയുടെ വളര്‍ച്ച കുറയുകയും നരയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്ന സമയമാണിത്. നരച്ച മുടി ഒരിക്കലും പിഴുതു കളയരുത്. പിഴുതുകളഞ്ഞാല്‍ അടുത്ത കുറച്ചു മുടികള്‍ കൂടി നരയ്ക്കാന്‍ വിത്തു പാകുന്നുവെന്ന് അര്‍ത്ഥം. പിഴുതുകളയുന്ന മുടിയുടെ ഹെയര്‍ ഫോളിക്കിളില്‍ (Hair folicle) നിന്നുണ്ടാകുന്ന ഒരുതരം infectious serum അടുത്തുള്ള മുടികളുടെ വേരുകളിലേയ്ക്കു ചെന്ന് അവയും നരയ്ക്കും. അതുകൊണ്ട് നരച്ചമുടി ഒരിക്കലും പിഴുതുകളയരുത്. വേണമെങ്കില്‍ ഒരു കത്രിക ഉപയോഗിച്ച് ചുവടെ മുറിച്ചു കളയാം. തലയില്‍ ഓയില്‍ മസാജ് , ഹെന്ന , താളി തേയ്ക്കല്‍ , പ്രോട്ടീന്‍ ട്രീറ്റ്മെന്റ് തുടങ്ങിയവ മുടി നന്നായി വളരുവാന്‍ സഹായിക്കും. ഹെന്ന ചെയ്യുമ്പോള്‍ മുടി ഡ്രൈ ആകുന്നതുകൊണ്ട് പിറ്റേദിവസം ഒരു ഓയില്‍ മസ്സാജ് ചെയ്ത് താളി ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രദ്ധിക്കണം.

നാല്പതു വയസ്സിനുശേഷം കലോറി കുറഞ്ഞ ഭക്ഷണം ശീലിക്കുക. നാരുകള്‍ , വൈറ്റമിന്‍ സി, കാത്സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക. അമിതവണ്ണമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം. അതുകൊണ്ട് വ്യായാമം, യോഗ, നടത്തം എന്നിവ ശീലിക്കണം. പാരമ്പര്യ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ (Diabetics, Cholestrol, Hypertension etc.) ഇടയ്ക്കിടെ ഡോക്ടറുടെ അടുത്തുപോയി ചെക്കപ്പ് നടത്തണം. യൌവ്വനത്തിന്റെ മൃദുലത വേഗം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ പ്രായത്തില്‍ ചര്‍മ്മത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മത്തിന്റെ അടിത്തട്ടില്‍ കൊളാജന്‍ എന്ന ഒരു വസ്തുവുണ്ട്. ചര്‍മ്മത്തിന് ഇറുക്കവും (Tightness)വലിച്ചാല്‍ പൂര്‍വസ്ഥിതിയിലേയ്ക്ക് തിരിച്ചുപോകുവാനുള്ള കഴിവും (Elasticity)നല്‍കുന്നത് കൊളാജനാണ്. കൌമാരം കഴിയുന്നതോടുകൂടി കൊളാജന്റെ ഉല്പാദനം ശരീരത്തില്‍ കുറയും. അതുകൊണ്ട് മാസത്തിലൊരിക്കല്‍ കൊളാജന്‍ ഫേഷ്യല്‍ ചെയ്യുന്നത് യൌവ്വനത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കും.

ശരിയായി ഉറങ്ങുന്നതും കണ്ണിനു വ്യായാമം നല്‍കുന്നതും കണ്ണിനു ചുറ്റുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കണ്ണിന്റെ തിളക്കം നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും. ദിവസവും വൈറ്റമിന്‍-ഇ അടങ്ങൈയ മോയിസ്ചറൈസിംഗ് ക്രീമുകളോ കൊളാജെന്‍ ക്രീമുകളോ മുഖത്തു പുരട്ടുന്നത് പ്രായാധിക്യം കൊണ്ടുള്ള ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ഉള്ള ചുളിവുകള്‍ മാറുന്നതിനും സഹായിക്കും.

നാല്പതു വയസ്സിനുശേഷം ആര്‍ത്തവ വിരാമത്തോടെയുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് കവിളുകളില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കു കാരണം. കഷ്ടകാലത്തിന്റെ സൂചനയാണ് ഈ പാടുകളെന്ന് നമ്മുടെ നാട്ടില്‍ ഒരു അന്ധവിശ്വാസമുണ്ട്. ഈ പാടുകള്‍ ഒരു പരിധിവരെ മാറുന്നതിന് ഡെര്‍മാബ്രേഷന്‍ ട്രീറ്റ്മെന്റ് (dermabrasion treatment)സഹായിക്കും. ഈ ട്രീറ്റ്മെന്റ് ചെയ്യുന്നതിന് ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

നാല്പതു വയസ്സിനുശേഷം നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മന്ദതയിലാകാന്‍ തുടങ്ങും. ദഹനപ്രക്രിയയും സ്ലോ ആകുന്നതിനാല്‍ നല്ല ബാലന്‍സ്ഡ് ഡയറ്റ് കീപ്പ് ചെയ്യാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. വറുത്തതും പൊരിച്ചതും ഒക്കെ ഉപേക്ഷിച്ച് ഫ്രെഷ് ഫ്രൂട്ട്സും , ബോയില്‍ഡ് വെജിറ്റബിള്‍സും കൂടുതലായി കഴിയ്ക്കുക. ദിവസവും പത്ത് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിച്ചാല്‍ ശരീരത്തിലെ cleansing process നന്നായി നടക്കും.

നാല്പതു വയസ്സു കഴിയുമ്പോള്‍ കൂടുതല്‍ ‘ സിമ്പിള്‍ ’ ആകുന്നതാണ് സൌന്ദര്യം വര്‍ധിപ്പിക്കുന്നത് എന്ന് ഓര്‍ക്കുക. സിമ്പിള്‍ മേയ്ക്കപ്പ്, സിമ്പിള്‍ ഡ്രെസ്സിംഗ്, സിമ്പിള്‍ ജ്യൂവല്ലറികള്‍ എന്നിവ നാല്പതിനുശേഷവും സൌന്ദര്യത്തിനു മാറ്റുകൂട്ടും. എല്ലാ പ്രായത്തിലും അതിന്റേതായ സൌന്ദര്യമുണ്ട് എന്ന് ഓര്‍മിക്കുക. വയസ്സായി എന്നു കരുതി ഇരിക്കാതെ മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ കൃത്യമായി ശ്രദ്ധിച്ചാല്‍ നാല്പതിനുശേഷവും സൌന്ദര്യവും, ഊര്‍ജസ്വലതയും നിലനിര്‍ത്തി വ്യക്തിത്വത്തിനു മിഴിവേകാന്‍ സാധിക്കും.