ആരോഗ്യം

കാതുകളുടെ പരിചരണം

By Manju

June 02, 2022

ശരിയായ പരിചരണം കാതുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കാതിനോട് കാട്ടുന്ന അശ്രദ്ധയാണ് അണുബാധയ്ക്കും മറ്റും കാരണമാകുന്നത്. അമിതമായ പരിപാലനവും ചെവിയുടെ കാര്യത്തില്‍ ദോഷം ചെയ്യാറുണ്ട് എന്നതാണ് വസ്തുത. ബഡ്സും മറ്റും ഉപയോഗിച്ച് കര്‍ണപുടത്തിന് ക്ഷതം പറ്റിയ ഒട്ടേറെ സംഭവങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് അനുദിനം കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ശരിയായവിധത്തില്‍ പരിചരിച്ചാല്‍ അഴകോടെയും ആരോഗ്യത്തോടെയും കാതുകളെ സംരക്ഷിക്കാം.

ചെവിയില്‍ മുറിവേല്‍പ്പിക്കുകയോ തിരുമ്മുകയോ ചെയ്യാന്‍ പാടില്ല. ചെവിയിലുണ്ടാകുന്ന ചെറിയ മുറിവുകളും പോറലുകളും പോലും അണുബാധയ്ക്കു കാരണമാകാം. ചെവിക്കുള്ളിലുണ്ടാകുന്ന അണുബാധ കര്‍ണപുടത്തെ ദോഷകരമായി ബാധിക്കുക്കയും കേള്‍വിശക്തിതന്നെ നശിപ്പിക്കുകയും ചെയ്തെന്നു വരാം.  ചെവിക്കു പുറത്ത് ഉണ്ടാകുന്ന അണുബാധ വ്രണങ്ങള്‍ക്ക് കാരണമാകുകയും ചെവി ചുക്കിച്ചുളിഞ്ഞ് ആകൃതിതന്നെ നഷ്ടപ്പെടുകയും ചെയ്യാം.

ചെവിക്കായം ഒരു രോഗാവസ്ഥയാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ചെവിയെ സംരക്ഷിക്കുന്ന ഉപകാരിയാണ് ചെവിക്കായം. ചെവിയുടെ അകത്തുള്ള ഗ്രന്ഥികള്‍ ഉല്പാദിപ്പിക്കുന്ന സ്രവമാണിത്.  കര്‍ണപുടത്തെ പ്രാണികള്‍ , പൊടിപടലങ്ങള്‍ , മറ്റു മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നു  സംരക്ഷിക്കുന്നത് ചെവിക്കായമാണ്.  ബഡ്സിന്‍റെ ഉപയോഗം ചെവിക്കായത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. സാവധാനം വെളിയിലോട്ട് തള്ളപ്പെടേണ്ട പൊടിപടലങ്ങളും മറ്റു വസ്തുക്കളും നിരന്തരം അകത്തേയ്ക്ക് കുത്തി നിറയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ചെവിയടപ്പ്, അസഹ്യമായ വേദന, ചെവി മുഴക്കം, ചൊറിച്ചില്‍ എന്നിവയുണ്ടായാല്‍ മാത്രമേ ചെവിക്കായം നീക്കം ചെയ്യേണ്ടതുള്ളൂ.

കുളിച്ചു കഴിഞ്ഞാല്‍ ചെവികളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. പരുത്തിത്തുണികൊണ്ട് മുഴുവനായി നനവ് ഒപ്പിയെടുക്കാം. മുങ്ങിക്കുളിക്കുമ്പോള്‍ ഇത് പ്രത്യേകിച്ചും ശ്രദ്ധിക്കണം. നനവ് തങ്ങി നിന്നാല്‍ അത് പൂപ്പല്‍ ബാധയ്ക്ക് കാരണമാകും. ജലം കെട്ടിക്കിടക്കുന്ന കുളങ്ങളിലെയും മറ്റും കുളി പൂപ്പല്‍ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.

ബഡ്സ്, പെന്‍സില്‍, സേഫ്റ്റി പിന്‍, ചെവിതോണ്ടി എന്നിവ ചെവിയിലിട്ട് തിരിക്കുന്നവര്‍ക്ക് ചെവികളുടെ നാളികളിലുണ്ടാവുന്ന എക്സ്റ്റേണല്‍ ഓട്ടൈറ്റിസ് എന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ബഡ്സിന്‍റെ ഉപയോഗം തികച്ചും അനാവശ്യമാണ്.

ചെവിയുടെ അകത്ത് മരുന്ന് പുരട്ടാനോ കുളി കഴിഞ്ഞയുടനെ വെള്ളം ഒപ്പിയെടുക്കാനോ ബ്ബഡ്സ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അശ്രദ്ധമായ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തും.