വീട്ടുകാര്യം

മുഖക്കുരു മാറാന്‍

By Manju

March 14, 2022

എക്കാലത്തെയും കൗമാരക്കാരുടെ നീറുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു.  മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ക്രീമുകളും അലോപ്പതി, ആയുര്‍വേദ മരുന്നുകളും ഒക്കെ പരീക്ഷിച്ചിട്ടും കുരുക്കളുടെ എണ്ണം കൂടിവരുന്നതല്ലാതെ കുറയുന്നതേയില്ലെന്നു സങ്കടപ്പെടുന്നവര്‍ ഒട്ടേറെയുണ്ട്.  അധികം പണം മുടക്കാതെ മുഖക്കുരു മാറ്റുന്നതിനായി നമുക്ക് തന്നെ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില ചികില്‍സാ രീതികള്‍ ഇതാ.

പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച് മുഖത്ത് മാസ്കായി ഇട്ടശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ദിവസവും തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂര്‍  കഴിഞ്ഞ് കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും. ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുക. ഇത് കുരുവിന്റെ വലുപ്പം കുറയ്ക്കുന്നതിനും സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ അകറ്റുന്നതിനും സഹായിക്കും. പതിവായി ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്.  ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

മുഖക്കുരു മൂലമുണ്ടായ പാട് മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്പൂണ്‍ വീതം എടുത്ത് രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്ത് ദിവസവും മുഖത്തു പുരട്ടുക. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നതും നല്ലതാണ്.