തിരക്കു പിടിച്ച ഇന്നത്തെ ലോകത്ത് ‘ ടെന്‍ഷന്‍ ’അനുഭവിക്കാത്തവരായി ആരും ഇല്ല. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍വരെ എല്ലാവര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ട്. കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം. പാട്ടു കേട്ടും എന്തെങ്കിലും പ്രവര്‍ത്തികളില്‍ മുഴുകിയും ഒക്കെയാണ് നാം സാധാരണ ടെന്‍ഷന്‍ അകറ്റുന്നത്. എന്നാല്‍ പിരിമുറുക്കം കുറയ്ക്കാനുള്ള ഏറ്റവും നല്ല മരുന്ന് വായനയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറ് മിനിറ്റ് നേരത്തെ വായന ഒരാളുടെ മാനസിക പിരിമുറുക്കം മൂന്നിലൊന്നായി കുറയ്ക്കുമത്രേ !
മനസ്സ് പൂര്‍ണമായും വായനയില്‍ കേന്ദ്രീകരിക്കുന്നതാണ് പിരിമുറുക്കത്തെ ദൂരെ നിര്‍ത്താന്‍ സഹായിക്കുന്നത്. വായനയുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ മസിലുകളിലെയും ഹൃദയത്തിലെയും പിരിമുറുക്കം കുറയാന്‍ കാരണമാവുമെന്ന് ഗവേഷണ സംഘത്തെ നയിച്ച ഡോ. ഡേവിഡ് ലൂയിസ് പറയുന്നു.
ഗ്രന്ഥകാരന്‍റെ ഭാവനയില്‍ വായനക്കാര്‍ മുഴുകുമ്പോള്‍ ആ ഭാവനാ ലോകത്തിന് അനുസൃതമായൊരു ലോകം വായനക്കാരന്‍ സ്വയം സൃഷ്ടിക്കുന്നു. ഇത് സൃഷ്ടിപരമായ കഴിവുകളെ കൂടുതല്‍ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കുമത്രേ.
പഠനം നടത്തിയവരില്‍ സാമ്പ്രദായികവും അല്ലാത്തതുമായ രീതികളിലാണ് പിരിമുറുക്ക നില പരിശോധിച്ചത്. ആറ് മിനിറ്റ് നേരം സ്വസ്ഥമായി വായിച്ചവരില്‍ പിരിമുറുക്ക നില ആദ്യമുണ്ടായിരുന്നതില്‍ നിന്ന് 68 ശതമാനം കുറഞ്ഞതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു നിശ്ചിത സമയം വീതം പാട്ട് കേട്ടവരില്‍ പിരിമുറുക്ക നില 61 ശതമാനം കുറഞ്ഞു. കാപ്പി, ചായ എന്നിവയ്ക്ക് 54 ശതമാനവും നടത്തത്തിന് 42 ശതമാനവും പിരിമുറുക്കം കുറയ്ക്കാന്‍ സാധിച്ചതായി പഠനത്തില്‍ കണ്ടെത്തി. വീഡിയോ ഗെയിം കളിച്ചവരിലാകട്ടെ ടെന്‍ഷന്‍ 21 ശതമാനം മാത്രമാണ് കുറഞ്ഞത്.
സസെക്സ് സര്‍വകലാ ശാലയില്‍ ‘മൈന്‍ഡ് ലാബ് ഇന്‍റര്‍നാഷണല്‍’ എന്ന കണ്‍സള്‍ട്ടന്‍സിയാണ് ഈ പഠനം നടത്തിയത്.