സ്വകാര്യം

ലൈംഗിക മരവിപ്പ് പരിഹരിക്കാം

By Web Desk

June 03, 2022

സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. ദാമ്പത്യജീവിതത്തിന്റെ രസം‌കെടുത്തുന്ന ലൈംഗിക മരവിപ്പ് ശരിയായ വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ജീവിതം ദുരിതത്തിലായേക്കാം.   ഇതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരിക കാരണങ്ങളും മാനസിക കാരണങ്ങളും ലൈംഗിക മരവിപ്പിന് കാരണമാകാം.

വളര്‍ന്നുവന്ന സാഹചര്യം, ലൈംഗികതയോടുള്ള ഭയം, ബാല്യത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍, അപകര്‍ഷതാബോധം, പങ്കാളിയോടുള്ള വെറുപ്പോ താല്പര്യക്കുറവോ എന്നിവയൊക്കെ  ലൈംഗികതയോട് വിരക്തി ഉണ്ടാക്കുകയും ലൈംഗികമരവിപ്പിനു കാരണമാവുകയും ചെയ്യാം .

ദാമ്പത്യം ഒരു ഘട്ടം പിന്നിടുമ്പോള്‍ ലൈംഗിക മരവിപ്പ് ഉണ്ടാകാന്‍ മറ്റു ചില കാരണങ്ങളുണ്ട്. പങ്കാളി അമിതമായ ഭക്തിയുടെ പാത സ്വീകരിക്കുക, ആരോഗ്യപരമായ പ്രശ്നങ്ങള്‍, മാനസികമായ അകല്‍ച്ചകള്‍, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രശ്നക്കാരാകുന്നത്. പങ്കാളിയില്‍ അസ്വസ്ഥതയും അതൃപ്തിയും സൃഷ്ടിച്ചേക്കാവുന്ന ഈ സാഹചര്യം ബന്ധങ്ങളുടെ തകര്‍ച്ച വരെ എത്തിയേക്കാം.

രണ്ടുഘട്ടങ്ങളിലും സെക്സോളജിസ്റ്റിന്‍റെയോ മാര്യേജ് കൌണ്‍സിലറുടെയോ സഹായം തേടുക അത്യാവശ്യമാണ്. ഇതോടൊപ്പം പങ്കാളിയുടെ സഹിഷ്ണുതയും ക്ഷമയും സഹകരണവും ഉണ്ടെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. സ്നേഹവും പ്രണയവും നഷ്ടമായിട്ടില്ലെന്ന് പരസ്പരം ബോദ്ധ്യപ്പെടുത്തുകയാണ് ദാമ്പത്യത്തിന്‍റെ പ്രാഥമികമായ പാഠം. ലൈംഗികതയും ദാമ്പത്യവും ഭദ്രമാകാന്‍ ഈ തിരിച്ചറിവ് പങ്കാളികളെ സഹായിക്കും.