പേരന്റിംഗ്

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web Desk

June 16, 2022

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും എന്‍ഗേജ്ഡ് ആയിരിക്കും. അതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഊര്‍ജം കൂടുതല്‍ അടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പോഷകാഹാര കുറവാണ് കുട്ടികളില്‍ സാധാരണ കാണുന്ന വിളര്‍ച്ചയുടെ പ്രധാന കാരണം. പോഷകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ഊര്‍ജവും മാംസ്യവും നല്ല കൊഴുപ്പും വിറ്റാമിനുകളും കാത്സ്യവുമൊക്കെ അടങ്ങിയ ഭക്ഷണമായിരിക്കണം കുഞ്ഞുങ്ങള്‍ക്കു നല്‍കേണ്ടത്.  കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് പഴവും പച്ചക്കറികളും പയറുവര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. അവര്‍ക്ക് ആവശ്യമായ അളവില്‍ വെള്ളം കൊടുക്കാനും അമ്മമാര്‍ ശ്രദ്ധിക്കണം. ശരിയായ ദഹനത്തിനും മലശോധനയ്ക്കും ഇവ സഹായിക്കും. ഒരു തവണ വയറു നിറച്ചു ഭക്ഷണം കൊടുക്കുന്നതിനേക്കാള്‍ പലപ്രാവശ്യമായി അല്പാല്പം ഭക്ഷണം നല്‍കുന്നതാണ് നല്ലത്.

കുട്ടികള്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കുന്നില്ലായെന്നത് മിക്ക അമ്മമാരുടെയും പരാതിയാണ്. ഒരേ ഭക്ഷണം സ്ഥിരമായി നല്‍കിക്കൊണ്ടിരുന്നാല്‍ കുട്ടികള്‍ക്ക് അതിനോട് വേഗം വിരക്തി തോന്നും. അതു കൊണ്ട് ഭക്ഷണത്തില്‍ വൈവിധ്യം ഉണ്ടാക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. അവര്‍ക്ക് ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലുമൊക്കെ ഭക്ഷണം ഉണ്ടാക്കാം. കുട്ടികള്‍ക്ക് ആകര്‍ഷകമായ രീതിയില്‍ അലങ്കരിച്ച് ഭക്ഷണം നല്‍കുന്നതും അവര്‍ക്ക് ഭക്ഷണത്തോടുള്ള പ്രിയം വര്‍ധിപ്പിക്കും.  ഉദാഹരണത്തിന് ചെറിയ ദോശയുണ്ടാക്കി അതില്‍ പച്ചക്കറികള്‍ക്കൊണ്ട് കണ്ണും മൂക്കുമൊക്കെ വച്ചു കുട്ടികള്‍ക്കു നല്‍കിയാല്‍ അവര്‍ക്ക് ഏറെ സന്തോഷമാകും. ഭക്ഷണം നല്‍കാന്‍ നിറമുള്ളതും നല്ല ആകൃതിയുള്ളതുമായ പാത്രങ്ങള്‍ ഉപയോഗിക്കണം.

അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്ക് ചായയും കാപ്പിയും നല്‍കാതിരിക്കുന്നതാണ് നല്ലത്. ഇവയുടെ ഉപയോഗം മൂലം ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, സമയത്തു വിശപ്പു തോന്നാതിരിക്കുക എന്നീ അവസ്ഥകള്‍ ഉണ്ടാകാം.  കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃത്രിമ പാനീയങ്ങളും പലഹാരങ്ങളും നല്‍കുന്ന അമ്മമാരുണ്ട്. അത് ഒഴിവാക്കുന്നതാണ് കുട്ടികളുടെ ആരോഗ്യത്തിനു നല്ലത്.  കൃത്രിമ ഭക്ഷണ പദാര്‍ഥങ്ങളുടെ അമിതോപയോഗം  പൊണ്ണത്തടിക്കും ഭാവിയില്‍ ജീവിതശൈലീ രോഗങ്ങള്‍ക്കും കാരണമാകും.