ആരോഗ്യം

ഹൃദയാരോഗ്യത്തിന് യോഗ

By Web Desk

June 25, 2022

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്‌. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലായി ഇവ പരിശീലിക്കാവുന്നതാണ്‌. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഒരു യോഗാചാര്യന്റെയോ യോഗാതെറാപ്പിസ്‌റ്റിന്റെയോ നിര്‍ദേശാനുസരണം മാത്രം യോഗ പരിശീലിക്കുക. രോഗത്തിന്റെ സ്വഭാവവും തീവ്രതയും അനുസരിച്ച് പരിശീലനക്രമങ്ങളില്‍ ധാരാളം മാറ്റങ്ങളുണ്ടാകും. ശരിയായ രീതിയിലല്ലാത്ത യോഗാഭ്യാസം ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. ഹൃദയാരോഗ്യത്തിന്‌ സഹായിക്കുന്ന യോഗാസനങ്ങള്‍ പരിചയപ്പെടാം. ശവാസനം ശരീരത്തിനും മനസിനും ഒരു പോലെ വിശ്രാന്തദായകമായ ആസനമാണ്‌ ശവാസനം. യോഗ പരിശീലനത്തില്‍ വളരെയധികം പ്രാധാന്യം നല്‍കി ചെയ്യേണ്ട നിലകളിലൊന്നാണിത്‌. ചെയ്യേണ്ട വിധം 1. നിവര്‍ന്ന്‌ കിടക്കുക. കാലുകള്‍ ചേര്‍ത്തു വയ്‌ക്കുക.കൈകള്‍ ശരീരത്തിന്റെ ഭാഗത്ത്‌ ചേര്‍ത്ത്‌ കൈപ്പത്തികള്‍ നിലത്ത്‌ കമഴ്‌ത്തി വയ്‌ക്കുക. 2. സാവധാനം കാലുകളോരോന്നായി അല്‌പമുയര്‍ത്തി വശങ്ങളിലേക്ക്‌ അയച്ചിടുക. 3. അരക്കെട്ടിന്റെ ഭാഗം അല്‌പംഉയര്‍ത്തിയ ശേഷം അയച്ചിടുക. 4. നെഞ്ചിന്റെ ഭാഗം അല്‌പം ഉയര്‍ത്തിയ ശേഷം അയച്ചിടുക. 5. ഓരോരോ കൈകളായി ചുരുട്ടി മേല്‍പ്പോട്ടുയര്‍ത്തിയ ശേഷം നിവര്‍ത്തി അതാത്‌ വശങ്ങളിലേക്ക്‌ അയച്ചിടുക. 6. തലയുടെ ഭാഗം സാവധാനം വശങ്ങളിലേക്ക്‌ ചലിപ്പിച്ച ശേഷം നിശ്‌ചലമായി കിടക്കുക. 7. ശ്രദ്ധ പൂര്‍ണ്ണമായും ശ്വാസത്തില്‍ കേന്ദ്രീകരിച്ച്‌ കിടക്കുക.

ശവാസനത്തില്‍ നിന്നും തിരിച്ചു വരുന്ന വിധം 1. കാലുകള്‍ ചേര്‍ത്ത്‌ വയ്‌ക്കുക. ഇരുകൈവിരലുകളും കോര്‍ത്തുപിടിച്ച്‌ തലയ്‌ക്ക് മേല്‍പ്പോട്ട്‌ നീട്ടി ശരീരം മൊത്തം സ്‌ട്രെച്ച്‌ ചെയ്യുക. 2. ശേഷം സാവധാനം ഇടതുകൈതാഴ്‌ത്തി, ഇടതു കാല്‍മുട്ട്‌ അല്‌പം മടക്കി വലതുവശത്തേയ്‌ക്ക് ചരിഞ്ഞു കിടക്കുക. 3. ഈ നിലയില്‍നിന്നും സാധാരണനിലയിലേക്ക്‌ വരുമ്പോള്‍ ഇടതുകൈ നിലത്ത്‌ പതിച്ച്‌ വേണം എഴുന്നേല്‌ക്കുവാന്‍. പ്രയോജനങ്ങള്‍ 1. മാനസിക സംഘര്‍ഷം, ഉത്‌കണ്‌ഠ എന്നിവ ഇല്ലാതാക്കുന്നു. 2. ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. 3. രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കുന്നു. 4. നാഡിസംബന്ധമായ രോഗങ്ങള്‍ തടുക്കുന്നു. 5. ശ്വസനവ്യൂഹത്തെ ശക്‌തിപ്പെടുത്തുന്നു.

ഭുജംഗാസനം 1. മകരാസനത്തില്‍ കിടക്കുക. 2. കൈപ്പത്തികള്‍ ശരീരത്തോട്‌ ചേര്‍ത്ത്‌ തോളിനല്‌പം താഴെയായി നിലത്ത്‌ പതിച്ചു വയ്‌ക്കുക 3. താടി നിലത്ത്‌ മുട്ടിച്ച്‌ വയ്‌ക്കുക. പാദങ്ങള്‍ ചേര്‍ന്നിരിക്കണം. 4. ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ തല മുതല്‍ നെഞ്ച്‌ വരെയുള്ള ഭാഗങ്ങള്‍ സാവധാനം ഉയര്‍ത്തുക. 5. ഈ നിലയില്‍ അല്‌പസമയം തുടരുക. ശ്വാസം സാധാരണഗതിയിലായിരിക്കണം. 6. ശ്വാസം പുറത്തേയ്‌ക്ക് വിട്ടുകൊണ്ട്‌ സാവധാനം പൂര്‍വാവസ്‌ഥയിലെത്തുക. ഇത്‌ മൂന്നുനാല്‌ തവണ ആവര്‍ത്തിക്കുക. 7. ദീര്‍ഘമായി ശ്വാസം അകത്തേയ്‌ക്കെടുക്കുന്നതിനൊപ്പം തല മുതല്‍ നാഭി വരെയുള്ള ഭാഗം മേല്‍പ്പോട്ടുയര്‍ത്തുക. 8. ഈ നിലയില്‍ ദീര്‍ഘമായി ശ്വസിക്കുക. 9. ശ്വാസം പുറത്തേയ്‌ക്ക് വിടുന്നതിനനുസരിച്ച്‌ ശരീരം താഴ്‌ത്തു ക. മൂന്നു നാല്‌ തവണ ഇതാവര്‍ത്തിച്ച ശേഷം മകരാസനത്തില്‍ വിശ്രമിക്കുക.

പ്രയോജനങ്ങള്‍ 1. നട്ടെല്ലിന്റെ വഴക്കം വര്‍ധിപ്പിക്കുന്നു. 2. അമിതവണ്ണം, കുടവയര്‍ എന്നിവ ഇല്ലാതാകുന്നു. 3. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. 4. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 5. നടുവേദന അകറ്റുന്നു.

മാര്‍ജാരാസനം പൂച്ചയ്‌ക്ക് സംസ്‌കൃതഭാഷയില്‍ മാര്‍ജാരന്‍ എന്നാണ്‌ പറയുക. അതിന്റെ ചലനത്തോട്‌ സാമ്യമുള്ളതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌.

ചെയ്യേണ്ട വിധം 1. വജ്രാസനത്തിലിരിക്കുക. ആ നിലയില്‍ നിന്നും മുന്നോട്ടായുക. 2. കൈമുട്ടുകള്‍ മടക്കി അതാത്‌ കാല്‍മുട്ടുകള്‍ക്ക്‌ മുന്നില്‍ വയ്‌ക്കുക. ശേഷം വീണ്ടും ഒരു കൈപ്പത്തി അകലം വരും വിധം മുന്നോട്ട്‌ നീക്കി ഇരുകൈപ്പത്തികളും അകത്തി വയ്‌ക്കുക. 3. കാല്‍മുട്ടുകളും കൈകളും നിലത്തുറപ്പിച്ച്‌ നില്‌ക്കുക. 4. ശരീരം ഇപ്പോള്‍ ഒരു മേശയുടെ ആകൃതിയിലാണ്‌. ഈ നിലയില്‍ കാല്‍മുട്ടുകള്‍ അകന്നിരിക്കും. 5. ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ വയറിന്റെ ഭാഗം പരമാവധി താഴ്‌ത്തി കൊണ്ടുവരിക. ഈ സമയം തലയും നിതംബഭാഗവും പരമാവധി ഉയര്‍ന്നിരിക്കണം. 6. ശ്വാസം പുറത്തേയ്‌ക്ക് വിട്ടു കൊണ്ട്‌ നടുവിന്റെ ഭാഗം പരമാവധി ഉയര്‍ത്തി തലയും പിന്‍ഭാഗവും താഴ്‌ത്തി കൊണ്ടുവരിക. ഈ സമയം താടി നെഞ്ചിനടുത്തായിരിക്കും. 7. ഇത്‌ നാലഞ്ചു തവണ ആവര്‍ത്തിക്കുക. 8. ശേഷം ശശാങ്കാസനത്തില്‍ വിശ്രമിക്കുക. 9. വിശ്രമത്തിന്‌ ശേഷം ദീര്‍ഘമായി ശ്വസിച്ച്‌ സാധാരണനിലയിലെത്തുക.

പ്രയോജനങ്ങള്‍ 1. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നു. 2. നട്ടെല്ലിന്റെ വഴക്കം കൂട്ടുന്നു. 3. അമിതവണ്ണം, കൊഴുപ്പ്‌ എന്നിവ അകറ്റി രൂപഭംഗി നല്‌കുന്നു 4. നടുവേദനയ്‌ക്ക് ഉത്തമ പരിഹാരം. 5. ആന്തരികാവയവങ്ങള്‍ക്ക്‌ നല്ലരീതിയില്‍ മസാജ്‌ ലഭിക്കുന്നു.

ഉത്‌കടാസനം 1. നിവര്‍ന്നു നില്‌ക്കുക. ഇരുകൈകളുടേയും കൈപ്പത്തികള്‍ ചേര്‍ത്തു അഞ്‌ജലി മുദ്രയിലേക്ക്‌ കൊണ്ടു വരിക. 2. ശ്വാസം അകത്തേക്കെടുത്ത്‌ കൈകള്‍ പരസ്‌പരം സാമാന്തരമായി മേല്‌പ്പോട്ടുയര്‍ത്തുക. 3. ശ്വാസം പുറത്തേയ്‌ക്ക് വിട്ടു കൊണ്ട്‌ കാല്‍മുട്ടുകള്‍ മടക്കുക. കാല്‍മുട്ടുകള്‍ ഭൂമിക്ക്‌ സമാന്തരമായ രീതിയിലായിരിക്കണം. കാല്‍മുട്ടുകള്‍, തുടഭാഗം എന്നിവ നന്നായി ചേര്‍ന്നിരിക്കണം. ഒരു സാങ്കല്‌പിക കസേരയില്‍ ഇരിക്കും വിധമാണ്‌ ഈ യോഗാസനം. (അഞ്‌ജലി മുദ്രയിലല്ലാതെ കൈകള്‍ മുന്നോട്ട്‌ നീട്ടിവച്ചും ഉത്‌കടാസനം പരിശീലിക്കാവുന്നതാണ്‌) 4. ഈ നിലയില്‍ സാധാരണഗതിയില്‍ ശ്വസിച്ചു കൊണ്ട്‌ 30 സെക്കന്റ്‌ തുടരുക. 5. ശ്വാസം അകത്തേക്കെടുത്ത്‌ മുട്ടുകള്‍ നിവര്‍ത്തി വീണ്ടും പൂര്‍വസ്‌ഥിതിയിലെത്തുക. കൈകള്‍ സാവധാനം താഴ്‌ത്തി കൊണ്ടുവരിക.

പ്രയോജനങ്ങള്‍ 1. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 2. തോളുകള്‍, നെഞ്ച്‌ എന്നീ ഭാഗങ്ങള്‍ക്ക്‌ വികാസവും വലിവും നല്‌കുന്നു. 3. കാലുകള്‍, തുടകള്‍ എന്നിവിടങ്ങളിലെ പേശികള്‍ ശക്‌തിപ്പെടുന്നു.

പൂര്‍ണ്ണത്രികോണാസനം 1. നിവര്‍ന്ന്‌ നില്‌ക്കുക. കാലുകള്‍ മൂന്നടി അകലത്തില്‍ വയ്‌ക്കുക. 2. ശ്വാസം അകത്തേക്കെടുത്ത്‌ ഇരുകൈകളും തറയ്‌ക്ക് സാമാന്തരമായി തോളൊപ്പം ഉയര്‍ത്തുക. 3. ശ്വാസം പുറത്തേയ്‌ക്ക് വിട്ടുകൊണ്ട്‌ ഇടതുവശത്തേയ്‌ക്ക് സാവധാനം ചരിഞ്ഞ്‌ ഇടതുകൈപ്പത്തി കൊണ്ട്‌ ഇടതുപാദം തൊടുവാന്‍ ശ്രമിക്കുക. കാല്‍മുട്ട്‌ മടങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം. 4. ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ പൂര്‍വസ്‌ഥിതിയിലെത്തുക. 5. ശ്വാസം പുറത്തേയ്‌ക്ക് വിട്ടുകൊണ്ട്‌ വലതുവശത്തേയ്‌ക്ക് ചരിഞ്ഞ്‌ വലതുകൈപ്പത്തി കൊണ്ട്‌ വലതു കാല്‍പ്പാദം തൊടുവാന്‍ ശ്രമിക്കുക. 6. ശ്വാസം അകത്തേയ്‌ക്കെടുത്ത്‌ സാവധാനം നിവര്‍ന്നു വരിക. 7. ശേഷം പൂര്‍വസ്‌ഥിതിയിലെത്തുക. 4 മുതല്‍ 8 തവണ വരെ ചെയ്യുക.

പ്രയോജനങ്ങള്‍ 1. മസ്‌തിഷ്‌കത്തിലേക്കുള്ള രക്‌തപ്രവാഹം വര്‍ധിപ്പിക്കുന്നു. 2. നട്ടെല്ലിന്‌ വഴക്കം ലഭിക്കുന്നു. 3. അമിതവണ്ണം, അരക്കെട്ടിലെ കൊഴുപ്പ്‌ എന്നിവ അകറ്റുന്നു. 4. ഉയരം വര്‍ധിക്കുവാന്‍ സഹായിക്കുന്നു. 5. ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു.