Homeവീട്ടുകാര്യംഅഴകേറും അല്പം ശ്രദ്ധിച്ചാല്‍

അഴകേറും അല്പം ശ്രദ്ധിച്ചാല്‍

താന്‍ സുന്ദരിയാണ്‌ എന്ന്‌ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു പെണ്ണുമില്ല. സൗന്ദര്യമാണ്‌ ഏതൊരു സ്‌ത്രീയുടേയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്‌. തിരക്കു പിടിച്ച ജീവിതത്തില്‍ പലപ്പോളും സൌന്ദര്യ സംരക്ഷണത്തിനു മതിയായ സമയം കിട്ടാറില്ല എന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ എന്നെന്നും അഴക് നിലനിര്‍ത്താം. ഇതാ അഴകേറ്റാന്‍ ചില വഴികള്‍ ..

താരന്‍ പോകാന്‍ * തലേദിവസത്തെ കഞ്ഞിവെളളമുപയോഗിച്ച്‌ തലകഴുകുന്നത്‌ താരന്‍ മാറാന്‍ സഹായിക്കും. * മുട്ടവെളള തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. * വെളളത്തില്‍ കുതിര്‍ത്ത ഉലുവ അരച്ച്‌ തലയില്‍ തേച്ചുപിടിപ്പിക്കുക 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. * ചെറുതായി അരിഞ്ഞ നാരങ്ങയിട്ട്‌ എണ്ണകാച്ചി തലയില്‍ പുരട്ടുന്നത്‌ താരനകറ്റും.

മുടിയഴകിന്‌ * മുട്ടറ്റം വരെയുളള മുടിയഴകാണ്‌ സ്‌ത്രീസൗന്ദര്യത്തിന്റെ ലക്ഷണം എന്ന്‌ പഴമക്കാര്‍ പറയുന്നു. * ഉദ്യോഗസ്‌ഥരായ സ്‌ത്രീകള്‍ക്ക്‌ മുടിസംരക്ഷണത്തിന്‌ സമയമില്ല. വീട്ടില്‍ തനിയെ ചെയ്യാവുന്ന പരിചരണം മുടിയഴക്‌ കൂട്ടുന്നു. ചുവന്ന കട്ടച്ചെമ്പരത്തി ഇതളും ആര്യവേപ്പിലയും സമം ചേര്‍ത്ത്‌ എണ്ണ കാച്ചുക. * ഷാമ്പുവിന്‌ പകരം ചെറുപയറുപൊടി ഉപയോഗിച്ച്‌ തലകഴുകുന്നത്‌ മുടിയിലെ അഴുക്കു മാറാന്‍ സഹായിക്കും * ചെറുചൂടോടെ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത്‌ രക്‌തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു, ഇത്‌ മുടികൊഴിച്ചില്‌ തടയുന്നു. * മുടി ചീകലാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. മുടി ഉണങ്ങിയതിനു ശേഷം ചീവുക. പല്ലകന്ന ചീപ്പുവച്ച്‌ മുടി ചീവുക. മുടി നന്നായി ഉണങ്ങിയതിനുശേഷമേ കെട്ടിവെക്കാവൂ. മുഖത്തിനു ചേരുന്ന രീതിയിലായിരിക്കണം ഹെയര്‍ സ്‌റ്റൈല്‍. * ഉറങ്ങുംമുമ്പ്‌ മുടി പിന്നിക്കെട്ടി വെയ്‌ക്കാന്‍ ശ്രദ്ധിക്കുക, ഇത്‌ മുടി പൊട്ടാതിരിക്കാന്‍ സഹായിക്കും. * 40 ദിവസം കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടിയിടുന്നത്‌ മുടി പിളരാതിരിക്കാന്‍ സഹായിക്കും.

തിളക്കമാര്‍ന്ന മുഖത്തിന്‌ * തിളപ്പിക്കാത്ത പാലില്‍ ഒരു നുള്ള്‌ ഉപ്പിട്ട്‌ പഞ്ഞിയുപയോഗിച്ച്‌ മുഖം തുടയ്‌ക്കുന്നത്‌ മുഖത്തെ അഴുക്കു മാറാന്‍ സഹായിക്കും. * പാല്‍പാടയില്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ മുഖത്തു പുരട്ടുന്നത്‌ മുഖക്കുരു അകറ്റും * വെളളരിക്ക കഷണം കണ്ണിന്റെ താഴെ തേക്കുന്നത്‌ കണ്‍തടത്തിലെ കറുപ്പു മാറ്റും. * ധാരാളം വെളളം കുടിക്കുക, 8 മണിക്കൂര്‍ പതിവായ ഉറക്കം, മനസിനെ ടെന്‍ഷനില്‍ നിന്നും അകറ്റിനിര്‍ത്തുക.

ചര്‍മ്മപരിപാലനം * ചര്‍മ്മത്തിന്‌ മാര്‍ദ്ദവവും തിളക്കവുമേകാന്‍ എണ്ണ തേച്ചുളള കുളി ഉത്തമം. നാരങ്ങാനീരും തേനും ചേര്‍ത്ത്‌ മുഖത്തുപുരട്ടുന്നത്‌ നിറം വര്‍ദ്ധിപ്പിക്കും. * കസ്‌തൂരിമഞ്ഞളും പാലും മിക്‌സ്ചെയ്‌ത് മുഖത്തു പുരട്ടുന്നത്‌ നിറം വര്‍ദ്ധിപ്പിക്കും. * തണുത്ത തക്കാളി കുഴമ്പുരൂപത്തിലാക്കി 20 മിനിറ്റ്‌ മുഖത്തു മസാജു ചെയ്യുക.

കണ്ണഴക്‌ * ധാരാളം പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും * ഇലക്കറികള്‍ കഴിക്കുന്നത്‌ കണ്ണിന്‌ തിളക്കം കൂട്ടുന്നു. * ചൂടുസമയത്ത്‌ തണുത്ത വെളളത്തില്‍ കണ്ണു കഴുകുന്നത്‌ നല്ലതാണ്‌.

ചുണ്ടിന്‌ നിറം കിട്ടാന്‍ * ബീട്രൂട്ട്‌ തേയ്‌ക്കുന്നത്‌ ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കും. * നാരങ്ങാനീര്‌, തേന്‍ എന്നിവ ചുണ്ടില്‍ പുരട്ടുക. പാദസംരക്ഷണം * ചെറുചൂടുവെളളത്തില്‍ ഒരു നുളള്‌ ഉപ്പിട്ട്‌ 15 മിനിറ്റു മുക്കി വച്ചതിനുശേഷം കാല്‍ ഉരച്ചുകഴുകുന്നത്‌ പാദത്തിന്റെ അഴക്‌ വര്‍ദ്ധിപ്പിക്കുന്നു. * മൈലാഞ്ചി അരച്ചു പുരട്ടിയാല്‍ ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ തടയാം. * റോസ്‌ വാട്ടറും, ഗ്ലിസറിനും മിക്‌സ് ചെയ്‌ത് പുരട്ടുന്നത്‌ പാദത്തിന്‌ മ്യദുത്വം വര്‍ദ്ധിപ്പിക്കുന്നു. * ചിക്കന്‍പോക്‌സ് പാടുകള്‍ മാറാന്‍ രക്‌തചന്ദനം അരച്ച്‌ മുഖത്തു പുരട്ടുന്നത്‌ ഉത്തമം.

ഹെയര്‍കളറിംഗ്‌ * മുടിയുടെ കെട്ടും നിറവുമൊക്കെ ഇടയ്‌ക്കിടെ മാറ്റുന്നത്‌ മുടി ഭംഗിയാക്കുന്നതിന്‌ സഹായിക്കും. * പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ഒരു സ്‌റ്റൈലിനുവേണ്ടി ചെയ്യാവുന്നതാണ്‌ താല്‌ക്കാലിക ഹെയര്‍ കളറിംഗ്‌. ബ്യൂട്ടിപാര്‍ലറില്‍ പോയി കളറിംഗ്‌ ചെയ്യുമ്പോള്‍ നല്ല തുകയങ്ങ്‌ മാറിക്കിട്ടും. എന്നാല്‍ ഒട്ടും ബുദ്ധിമുട്ടില്ലാതെ വീട്ടില്‍ തനിയെ ചെയ്യാവുന്ന കളറിംഗാണ്‌ കടുപ്പത്തിലുള്ള കട്ടന്‍ ചായയില്‍ നാരങ്ങാനീര്‌ ചേര്‍ത്ത്‌ തല കഴുകുന്നത്‌. * ദീര്‍ഘകാല കളറിംഗ്‌ ചെയ്യുമ്പോള്‍ നിറത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. രാസവസ്‌തുക്കളടങ്ങിയ നിറങ്ങള്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതായത്‌ മുടിയുടെ അറ്റം പൊട്ടിപ്പോകുന്നതിന്‌ സാധ്യതയുണ്ട്‌. രാസവസ്‌തുക്കള്‍ ഉപയോഗിക്കാതെ ദീര്‍ഘകാല കളറിംഗ്‌ വീട്ടില്‍തന്നെ ചെയ്യുന്നതാണ്‌ ഹെന്ന. * മൈലാഞ്ചിപ്പൊടി, കടുപ്പത്തിലുളള കട്ടന്‍ചായ, നാരങ്ങാനീര്‌, മുട്ടവെളള എന്നിവ യോജിപ്പിക്കുക. ഇത്‌ 15 മിനിറ്റു തണുപ്പിച്ചതിനുശേഷം തലമുടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകിക്കളയുക.

Manju
Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .

Must Read