Homeസ്വകാര്യംസിസേറിയന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിസേറിയന്‍ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്വാഭാവിക പ്രസവം അസാധ്യമാകുമ്പോളാണ് സാധാരണയായി സിസേറിയന്‍ ചെയ്യാറുള്ളത്. ഗര്‍ഭപാത്രം തുറന്ന് വയറുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയന്‍. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ചെയ്തുവരുന്ന ഒരു ശസ്ത്രക്രിയയാണിത്. പ്രശസ്തനായ ജൂലിയസ് സീസറിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥനപ്പേർ വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഇംഗ്ലീഷ് രൂപമാണ് സീസർ എന്നത്.

സിസേറിയനുശേഷം ഛര്‍ദിയും മറ്റു പ്രശ്‌നങ്ങളുമില്ലെങ്കില്‍ ആറ് മണിക്കൂറിനുശേഷം വെള്ളം കുടിക്കാം. ഇടയ്ക്കിടെ കൈകാലുകള്‍ ചലിപ്പിക്കുകയും ഡീപ് ബ്രീതിങ് വ്യായാമം ചെയ്യുകയുംവേണം. കിടന്നുകൊണ്ട് കൈകാലുകള്‍ മടക്കുകയും നിവര്‍ക്കുകയും ചെയ്യുന്നത് കാലില്‍ നീരുവരുന്നത് തടയും. ശ്വാസം നീട്ടി വലിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയും. പാനീയങ്ങള്‍,പഴവര്‍ഗങ്ങള്‍,കട്ടിയുള്ള ആഹാരം എന്നിവ രണ്ടാം ദിവസം മുതല്‍ കഴിച്ചാല്‍ മതി. അമിത എണ്ണ, കൊഴുപ്പടങ്ങിയ ആഹാരം, എരിവ് എന്നിവ ആദ്യത്തെ മാസങ്ങളില്‍ ഒഴിവാക്കാം. സിസേറിയന്റെ മയക്കം വിട്ടു കഴിഞ്ഞാലുടന്‍ തന്നെ കുഞ്ഞിനെ മുലയൂട്ടി തുടങ്ങാം. സ്തനങ്ങളില്‍ നിന്നും ആദ്യം വരുന്ന കട്ടികൂടിയ കൊളസ്ട്രം എന്ന പാല്‍ പോഷകമൂല്യമുള്ളതും കുഞ്ഞിന് പ്രതിരോധശക്തി നല്‍കുന്നതുമാണ്.

സിസേറിയന്‍ കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം ചെക്കപ്പിനു പോകണം. പ്രസവശേഷം ഉണ്ടാവുന്ന ബ്ലീഡിങ്ങ് മൂന്നാംദിവസം മുതല്‍ ബ്രൗണ്‍ നിറത്തിലാവും. ഇത് പത്തുദിവസത്തോളം ഉണ്ടാവാം. ആറാഴ്ച വരെ ഇടവിട്ട് ബ്ലീഡിങ്ങ് വരാം. വൃത്തിയുള്ള പാഡ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഈര്‍പ്പരഹിതമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

സിസേറിയന്‍ കഴിഞ്ഞുള്ള കുറച്ചുദിവസങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴും അനങ്ങുമ്പോഴുമെല്ലാം വേദന ഉണ്ടായെന്നുവരാം. എങ്കിലും കഴിയുന്നതും നടക്കുക. ശസ്ത്രക്രിയ ചെയ്ത സ്ഥലം ഈര്‍പ്പരഹിതമായി സൂക്ഷിക്കുന്നത് അണുബാധ തടയും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. തുന്നലിട്ട ഭാഗത്ത് വായു കടക്കുന്നത് മുറിവുണങ്ങാനും അണുബാധ അകറ്റുന്നതിനും സഹായിക്കും. കിടക്കുമ്പോള്‍ തുടകള്‍ക്കിടയില്‍ തലയണ വെച്ചാല്‍ സുഖകരമായി ഉറങ്ങാം. ഒരുവശം ചരിഞ്ഞുവേണം എഴുന്നേല്‍ക്കാന്‍. ഭാരം എടുക്കുന്നതും പടികയറുന്നതും ഒഴിവാക്കണം.
ശരീരം പൂര്‍വസ്ഥിതിയിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം ലൈംഗികബന്ധം തുടരാവുന്നതാണ്.

Must Read