സ്ത്രീകള്‍ പൊതുവെ പുറത്തു പറയുവാന്‍ മടിക്കുന്നതും അവരെ വളരെയേറെ അസ്വസ്ഥതപ്പെടുത്തുന്നതുമായ പ്രശ്‌നമാണ് വെള്ളപോക്ക്. അസ്ഥിയുരുക്കം എന്നും അസ്ഥിസ്രാവം എന്നും ഈ രോഗം ആയുര്‍വേദത്തില്‍ അറിയപ്പെടുന്നു. കൊഴുത്തു കട്ടിയായും അളവില്‍ കൂടുതലായും വെളുത്ത നിറത്തില്‍ യോനിയില്‍ നിന്നും സ്രവിക്കുന്ന ദ്രാവകത്തെ സാമാന്യമായി വെള്ളപോക്ക് അഥവാ വൈറ്റ് ഡിസ്ചാര്‍ജ് എന്നു പറയുന്നു.
ഗര്‍ഭാശയം, ഗര്‍ഭാശയാന്തരകല, ഗര്‍ഭാശയഗളം,ബീജവാഹിനിക്കുഴലുകള്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ശ്‌ളേഷ്മദ്രാവകം യോനീമാര്‍ഗത്തെ ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുന്നു. യോനീമുഖത്തുള്ളതായ ബോര്‍ത്തോലിന്‍ എന്ന ഒരു ജോഡി ഗ്രന്ഥികളുടെ പ്രവര്‍ത്തന ഫലമായി വഴുവഴുപ്പുള്ള ഒരു ദ്രാവകം പുറത്തുവന്നു ജനനേന്ദ്രിയത്തെ നനവുള്ളതാക്കി തീര്‍ക്കുന്നു. ആര്‍ത്തവത്തിനു തൊട്ടുമുമ്പു പ്രത്യേകിച്ചും ഈ ഗ്രന്ഥികള്‍ കൂടുതലായി പ്രവര്‍ത്തിക്കുകയും തത്ഫലമായി കട്ടത്തൈരിന് സമാനമായിട്ടുള്ളതും ദുര്‍ഗന്ധപൂരിതവുമായ ഒരു ദ്രാവകം പുറത്തുവരുന്നു.
കാരണങ്ങള്‍
* ഫംഗസ് ബാധ.
* യോനീഭാഗം വൃത്തിയായി സൂക്ഷിക്കാതിരിക്കുക.
* സെര്‍വിക്കല്‍ പ്രശ്‌നങ്ങള്‍ (ഗര്‍ഭപാത്രത്തിന്റെ ഭാഗമായ സെര്‍വിക്‌സില്‍ ഉണ്ടാകുന്ന തടിപ്പ്, മുഴകള്‍ തുടങ്ങിയവ).
* മാനസിക പിരിമുറുക്കം.
* ലൈംഗികരോഗങ്ങളുടെ ഭാഗമായുള്ള വെള്ളപോക്ക്.
ലക്ഷണങ്ങള്‍
* യോനിയില്‍ നിന്നു സ്ഥിരമായി ഉണ്ടാകുന്ന സ്രവം.
* ചൊറിച്ചില്‍.
* യോനീഭാഗത്തെ സ്ഥിരമായ നനവു കാരണമുള്ള അസ്വസ്ഥത.
* ചിലരില്‍ ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്നു.
* വയര്‍ എരിച്ചില്‍, മൂത്രതടസം, തളര്‍ച്ച, ശരീരം മെലിച്ചില്‍ എന്നിവയുണ്ടാകുന്നു.
* എത്ര ഭക്ഷണം കഴിച്ചാലും ക്ഷീണം അനുഭവപ്പെടുക.
* വെള്ളപോക്കിനോടനുബന്ധിച്ചു കൈകാലുകള്‍ക്കു തരിപ്പ്, നടുവിനു വേദന, അരക്കെട്ടിന്റെ ഭാഗത്തു വേദന, ചിലപ്പോള്‍ തുടകളിലേക്കും കാലുകളില്‍ മുഴുവനായും വേദന വ്യാപിക്കുന്ന അവസ്ഥയുണ്ടാകുന്നു. (വെള്ളപോക്കിനനുബന്ധമായി ഉണ്ടാകുന്ന നടുവേദന ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ളതാണ്.)
ഗര്‍ഭകാലത്തുണ്ടാകുന്ന വെള്ളപോക്ക്
ഗര്‍ഭകാലത്ത് മിക്കവരിലും വൈറ്റ് ഡിസ്ചാര്‍ജ് കാണപ്പെടാറുണ്ട്. യോനീഭാഗത്തെ ഗ്രന്ഥികളുടെ പ്രവര്‍ത്തനം ഗര്‍ഭകാലത്തു വര്‍ധിക്കും. ഇതിനാല്‍ ഹോര്‍മോണുകളുടെ അളവു രക്തത്തില്‍ അധികമാകും. അതുകൊണ്ടുതന്നെ യോനീസ്രവം സാധാരണയിലധികമാകുന്നതില്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതോടൊപ്പം ചൊറിച്ചിലോ ദുര്‍ഗന്ധമോ ഉണ്ടായാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ എത്രയും പെട്ടെന്നു ചികിത്സ തേടേണ്ടതാണ്.
ഗര്‍ഭകാലത്തു പ്രധാനമായും രണ്ടു തരത്തില്‍ സ്രവങ്ങളുണ്ടാവാം. വെളുത്ത തൈരു പോലെയോ വഴുവഴുപ്പോടു കൂടിയോ അമിതമായ യോനീസ്രാവമുണ്ടാവുകയും അതുമൂലം അമിതമായ ചൊറിച്ചിലുണ്ടാവുകയും ചെയ്യും. ചിലരില്‍ അല്‍പം മഞ്ഞകലര്‍ന്ന നിറത്തിലോ പച്ചകലര്‍ന്ന നിറത്തിലോ വെള്ളംപോലെ അധികമായ പതയോടു കൂടിയോ സ്രവമുണ്ടാകും. ഇത്തരം സ്രവങ്ങള്‍ക്ക് അല്‍പം ദുര്‍ഗന്ധമുണ്ടായിരിക്കുകയും ചെയ്യും.
ആയുര്‍വേദത്തിലെ പരിഹാരമാര്‍ഗങ്ങള്‍
ധാര, ക്ഷാളനം, അവഗാഹം, പിചു എന്നിവയാണ് വെള്ളപോക്കിനു പരിഹാരമായി സാധാരണയായി ചെയ്യുന്ന ചികിത്സാരീതികള്‍.
ധാര – യുക്തമായ ഔഷധങ്ങളിട്ടു സംസ്‌കരിച്ച ഇളം ചൂടുവെള്ളം യോനിയിലേക്കു നിര്‍ദ്ദിഷ്ടസമയം ഒഴിച്ചുകൊണ്ടിരിക്കുന്ന ചികിത്സാരീതിയാണിത്.
ക്ഷാളനം – ഔഷധയുക്തമായ വെള്ളത്താല്‍ യോനീഭാഗം കഴുകുന്ന ക്രിയ.
അവഗാഹം – ഔഷധങ്ങളിട്ടു ചൂടാക്കിയ വെള്ളം ഒരു വാവട്ടമുള്ള പാത്രത്തിലെടുത്ത് അതില്‍ രോഗിയെ ഇരുത്തുന്ന ക്രിയ.
പിചു – ഔഷധയുക്തമായ കഷായത്തിലോ തൈലത്തിലോ മുക്കിയ തുണി യോനിക്കുളളിലേക്കു നിര്‍ദ്ദിഷ്ട സമയം കടത്തിവച്ചു നടത്തുന്ന ചികിത്സാ രീതിയാണിത്.
മുസലീഖദിരാദി കഷായം, ശതാവരീഗുളം, പുഷ്യാനുഗചൂര്‍ണം, അശോകാരിഷ്ടം, കദളീരസായനം എന്നീ ഔഷധങ്ങള്‍ അവസ്ഥാനുസൃതം വൈദ്യനിര്‍ദേശത്തോടുകൂടി കഴിക്കുന്നതും ഗുണം ചെയ്യും.
ത്രിഫല കഷായം കൊണ്ടോ ആരഗ്വധാദി കഷായം കൊണ്ടോ യോനീഭാഗം കഴുകുക. ജാത്യാദിഘൃതത്തില്‍ മുക്കിയ തുണികഷണം യോനിയിലേക്ക് കടത്തിവച്ച് അരമണിക്കൂര്‍ കഴിഞ്ഞ് എടുത്തു കളയുക എന്നിവയും വെള്ളപോക്കിനു ഫലപ്രദമായ ആയുര്‍വേദ ചികിത്സാ രീതികളാണ്.
വിവരങ്ങള്‍ക്കു കടപ്പാട്
ഡോ.രാമകൃഷ്ണന്‍ ദ്വരസ്വാമി
ഫിസിഷ്യന്‍, കാരിത്താസ് ആയുര്‍വേദിക് ഹോസ്പിറ്റല്‍, കോട്ടയം