Homeവീട്ടുകാര്യംമണ്‍സൂണ്‍ ഫാഷന്‍

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം കെടുത്തുന്ന മഴ ഒന്നു പോയിക്കിട്ടിയാല്‍ മതിയെന്നായിരിക്കും സുന്ദരികളുടെ പ്രാര്‍ത്ഥന. മനസ്സിലും മണ്ണിലും ഒരുപോലെ കുളിര്‍മ ചൊരിയുന്ന മഴയെ ശപിക്കേണ്ട ആവശ്യമില്ലെന്നേ. മണ്‍സൂണിനു ചേര്‍ന്ന ഫാഷന്‍ സ്വീകരിച്ചാല്‍ ഏതു മഴയത്തും മഴവില്ലഴകായി തിളങ്ങി നില്‍ക്കാം.

ഏതു വസ്ത്രമണിഞ്ഞാലും മഴയത്ത് ആകെ പുകിലാണ്. മഴ നനഞ്ഞാല്‍ ചേര്‍ന്നൊട്ടുകയും അകത്തുള്ളതെല്ലാം പുറത്തു കാണത്തക്കരീതിയില്‍ സുതാര്യമാവുകയും ചെയ്യും എന്നതാണ് കോട്ടണ്‍ വസ്ത്രങ്ങളുടെ ദോഷം. ഡെനിമാകട്ടെ നനഞ്ഞാല്‍ ഒന്ന് ഉണങ്ങിക്കിട്ടാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും. പാദത്തിനടിയിലേക്ക് നീളുന്ന വസ്ത്രങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം. നനഞ്ഞൊലിക്കുന്ന ഫുള്‍സ്ലീവുകള്‍ക്കുപകരം മുട്ടുവരെ നീളുന്ന ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ബുദ്ധി. നല്ല ബോഡി ഷേപ്പ് ഉള്ളവര്‍ക്ക് മിനി സ്കേര്‍ട്ടുകളും, ത്രീ ഫോര്‍ത്തും ഒക്കെ ട്രൈ ചെയ്യാം.

വിവാഹത്തിനും പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ റിച്ച് ബ്രോക്കെയ്ഡ്‌സും സില്‍ക്കുമെല്ലാം ഉടുക്കാന്‍ തോന്നും. പക്ഷേ, മഴയല്ലേ തല്‍ക്കാലം അത്രയ്ക്കങ്ങു തിളങ്ങേണ്ട. കാരണം ഇവ നനഞ്ഞാല്‍ ഉണങ്ങാന്‍ സമയമെടുക്കും. അതുപോലെതന്നെ ക്രിസ്പ് കോട്ടണും സില്‍ക്ക് കോട്ടണും മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, ഒന്നു നനഞ്ഞാല്‍ മതി അതിന്റെ ആ സ്മാര്‍ട്ട്‌ലുക്ക് നഷ്ടപ്പെടും. നെറ്റ്, ഷിഫോണ്‍, ജോര്‍ജറ്റിന്റെ തിന്നര്‍ വെറൈറ്റീസ് തുടങ്ങിയ തിന്‍ ഫാബ്രിക്‌സുകള്‍ എളുപ്പം ഉണങ്ങുന്നവയാണെങ്കിലും മഴക്കാലത്തെ തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചവയല്ല. അതുകൊണ്ട് തണുപ്പത്ത് പനിയും ജലദോഷവും മറ്റും പിടിക്കാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്.

കല്യാണങ്ങള്‍ക്കും അതുപോലെയുള്ള വലിയ പാര്‍ട്ടികള്‍ക്കും പങ്കെടുക്കുമ്പോള്‍ ജോര്‍ജറ്റിന്റെ തിക്കര്‍ വെറൈറ്റികളും ക്രെയ്പ്, വിസ്‌കോസ് തുടങ്ങിയവയുമായിരിക്കും ഉത്തമം. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഏറ്റവും ജനപ്രിയതയുള്ളത് ജോര്‍ജറ്റിനാണ്. ഡിസൈനര്‍ ജോര്‍ജറ്റ് സാരികള്‍, ഡിസൈനര്‍ ജോര്‍ജറ്റ് ചുരിദാര്‍ സ്യൂട്ടുകള്‍, ഡിസൈനര്‍ ജോര്‍ജറ്റ് സാല്‍വാര്‍ കമ്മീസ്, ഡിസൈനര്‍ ജോര്‍ജറ്റ് ലെഹങ്കാ ചോളി തുടങ്ങീ ജോര്‍ജറ്റില്‍ പല വ്യത്യസ്ത ഫാഷനബിള്‍ ഇനങ്ങള്‍ ലഭ്യവുമാണ്. ഷിഫോണ്‍, സില്‍ക്ക്, പോളീനൈലോണ്‍ എന്നിവയും മഴയത്ത് ഉപയോഗിക്കാം. ഇവ നനഞ്ഞാല്‍ത്തന്നെ ശരീരത്തോട് ഒട്ടി നില്‍ക്കില്ല, പെട്ടെന്ന് ഉണങ്ങുകയും ചെയ്യും.

ഫുട്‌വെയറിന്റെ കാര്യത്തില്‍ ട്രെന്‍ഡിയായ റെയിന്‍ ബൂട്ട്‌സ്, ഫ്ലിപ് ഫ്‌ളോപ്‌സ്, ഫ്‌ളോട്ടറീസ് തുടങ്ങിയവ ഫാഷനബിള്‍ ആണ്. ഹോട്ട് പിങ്ക്, നേവി ബ്ലൂ, റെഡ്, ഓറഞ്ച് തുടങ്ങിയ തിളങ്ങുന്ന കളറുകളില്‍ ഇവ ലഭ്യമാണ്. മഴയല്ലേ ഹാന്‍ഡ് ബാഗ് വാട്ടര്‍പ്രൂഫായിക്കോട്ടെ. പല വര്‍ണങ്ങളിലും ഡിസൈനുകളിലുമുള്ള വാട്ടര്‍ പ്രൂഫ് ഹാന്‍ഡ് ബാഗുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് റെയിന്‍ കോട്ട് തിരഞ്ഞെടുക്കുമ്പോളും അല്പം ഫാഷനബിള്‍ ആകാം. പഴയ കറുത്ത റെയിന്‍ കോട്ടുകള്‍ക്കു പകരം ഡിസൈനിലും നിറത്തിലും ആരെയും ആകര്‍ഷിക്കുന്ന റെയിന്‍ കോട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്.

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ജലാംശം കൂടുതലായതുകൊണ്ട് മേക്കപ്പ് ചെയ്യുന്നതിനു മുന്‍പ് ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകണം. വിയര്‍പ്പിന്റെയും എണ്ണയുടെയും അംശങ്ങള്‍ മുഴുവനായി നീക്കുന്നതിന് ഇതു സഹായിക്കും. മഴക്കാലത്ത് അത്യാവശ്യത്തിനു മാത്രം മേക്കപ്പ് മതി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതല്‍ മേക്കപ്പ് ആയാല്‍ എല്ലാം മഴയില്‍ കുതിര്‍ന്ന് വെളുക്കാന്‍ തേച്ചതു പാണ്ടായ അവസ്ഥയാകും. സ്കിന്‍ ടൈപ്പ് അനുസരിച്ചുള്ള ടോണര്‍ പുരട്ടാന്‍ ശ്രദ്ധിക്കണം. മാറ്റ് ഇഫക്ട് ദീര്‍ഘിപ്പിക്കാന്‍ ടോണര്‍ സഹായിക്കും. വാട്ടര്‍പ്രൂഫും സ്വെറ്റ്പ്രൂഫുമായ കോസ്‌മെറ്റിക്കുകള്‍ വിപണിയില്‍ ലഭ്യമാണ് അവ ഉപയോഗിക്കുക.

Must Read