Homeആരോഗ്യംപ്രമേഹവും മാനസികപ്രശ്നങ്ങളും

പ്രമേഹവും മാനസികപ്രശ്നങ്ങളും

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദ്ദം, വിഷാദരോഗം, അമിതമായ ഉത്ക്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഔട്ട്‌ തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.

മാനസികസമ്മര്‍ദ്ദം

രോഗം ആവശ്യപ്പെടുന്ന കടുത്ത ദിനചര്യകളും ഷുഗര്‍നിലയിലെ  ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകളുമൊക്കെ പ്രമേഹരോഗികളില്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് വഴിവെക്കാറുണ്ട്. ഈ മാനസികസമ്മര്‍ദ്ദം എപിനെഫ്രിന്‍, നോര്‍എപിനെഫ്രിന്‍, കോര്‍ട്ടിസോള്‍, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയവയുടെ അളവ് കൂടാനും അതുവഴി ഷുഗര്‍നില വഷളാവാനും കാരണമാവാറുമുണ്ട്.

പ്രമേഹത്തിന്‍റെ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും, ജീവിതത്തിന്‍റെ നിയന്ത്രണം കൈവിട്ടു പോവുന്നോ എന്ന ഭയവും, അസുഖവിവരം എല്ലാവരും അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന സംശയങ്ങളുമൊക്കെ പ്രമേഹരോഗികളില്‍ സാധാരണമാണ്. പക്ഷേ ഒരു ന്യൂനപക്ഷം മാത്രമേ ഈ മാനസികസംഘര്‍ഷം തുറന്നു വെളിപ്പെടുത്താറുള്ളൂ. മിക്ക രോഗികളിലും പെരുമാറ്റത്തില്‍ വരുന്ന ചില മാറ്റങ്ങളായാണ് മാനസികസമ്മര്‍ദ്ദം  പ്രകടമാകാറുള്ളത്. ഷുഗര്‍നില പരിശോധിക്കുന്നത് കുറയ്ക്കുകയോ പൂര്‍ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുക, ഇന്‍സുലിന്‍ എടുക്കാന്‍ നിരന്തരം വിട്ടുപോവുക, ആഹാരക്രമത്തില്‍ പഥ്യങ്ങള്‍ പാലിക്കുന്നത് അവസാനിപ്പിക്കുക, ഷുഗര്‍ കൂടുന്നതിന്‍റെയും കുറയുന്നതിന്‍റെയുമൊക്കെ സൂചനകളെ അവഗണിക്കാന്‍ തുടങ്ങുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുക തുടങ്ങിയവ മാനസികസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം.

ചിട്ടയായ വ്യായാമം, നല്ല ആഹാരശീലങ്ങള്‍, റിലാക്സേഷന്‍ വിദ്യകളുടെയും ഉറക്കം കിട്ടാന്‍ സഹായിക്കുന്ന പൊടിക്കൈകളുടെയും ഉപയോഗം തുടങ്ങിയവ മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള നല്ല മാര്‍ഗങ്ങളാണ്. പ്രമേഹത്തെയും അതിന്‍റെ സങ്കീര്‍ണതകളെയും കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ നേടുന്നത് അനാവശ്യ ആശങ്കകളെയും അതുവഴിയുണ്ടാകുന്ന മാനസികസമ്മര്‍ദ്ദത്തെയും പടിക്കുപുറത്തു നിര്‍ത്താന്‍ സഹായിക്കും.

കടുത്ത മാനസികസമ്മര്‍ദ്ദമനുഭവിക്കുന്ന വ്യക്തികള്‍‍ക്ക് പ്രമേഹം പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. തലച്ചോറിന് ഗ്ലൂക്കോസിനെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍ പറ്റാതെ വരുന്നതും, മാനസികസമ്മര്‍ദ്ദമുള്ളവരില്‍ വ്യാപകമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങളുമൊക്കെയാണ് ഇതിലേക്കു നയിക്കുന്നത്‍.

വിഷാദരോഗം

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക്‌ വിഷാദരോഗം പിടിപെടാനുള്ള സാദ്ധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിതഉത്ക്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍റെ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടു പോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ വിഷാദരോഗലക്ഷണങ്ങളെ  പ്രമേഹത്തോടുള്ള “സ്വാഭാവിക” പ്രതികരണങ്ങളായി അവഗണിച്ചു തള്ളുന്നതും സാധാരണമാണ്. പലവിധ ശാരീരികവൈഷമ്യങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുമ്പോഴും ദേഹപരിശോധനകളിലും ബ്ലഡ് ടെസ്റ്റുകളിലും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാനാകാതിരിക്കുന്നത് വിഷാദരോഗത്തിന്‍റെ സൂചനയാവാം.

കൌണ്‍സലിംഗ്, സൈക്കോതെറാപ്പി, ഔഷധചികിത്സ എന്നിവയുടെ ആവശ്യാനുസരണമുള്ള ഉപയോഗത്തിലൂടെ വിഷാദരോഗം മാറ്റിയെടുക്കുന്നത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പ്രമേഹനിയന്ത്രണം കാര്യക്ഷമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്.

ഡയബറ്റിസ് ബേണ്‍ഔട്ട്‌

നോര്‍മലല്ലാത്ത റിപ്പോര്‍ട്ടുകളെ വ്യക്തിപരമായ പരാജയങ്ങളായി വിലയിരുത്താതിരിക്കുക. രോഗനിര്‍ണയത്തിനു ശേഷമുള്ള ആദ്യകാലങ്ങളില്‍ ചികിത്സയിലും പഥ്യങ്ങളുടെ പാലനത്തിലും അതീവ ജാഗരൂകനായിരുന്ന രോഗിക്ക് കാലക്രമത്തില്‍ ഇതിലൊക്കെ മടുപ്പ് തോന്നിത്തുടങ്ങുന്നതിനെയാണ് ഡയബറ്റിസ് ബേണ്‍ഔട്ട്‌ എന്നുവിളിക്കുന്നത്. കടുത്ത ഏകാന്തത അനുഭവപ്പെടുക, പ്രമേഹം തന്നെ ആകമാനം കീഴ്പ്പെടുത്തിക്കളഞ്ഞതായി തോന്നുക, അസുഖത്തെക്കുറിച്ച് കഴിവതും ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയും, രോഗത്തോടുള്ള ദേഷ്യം, താന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ലെന്ന ആശങ്ക, ശീലങ്ങളില്‍ തക്കതായ മാറ്റങ്ങള്‍ വരുത്താനുള്ള താല്പര്യമില്ലായ്മ എന്നിവയും ബേണ്‍ഔട്ടിന്‍റെ ലക്ഷണങ്ങളാവാം. ബേണ്‍ഔട്ടിന് തടയിടാനുള്ള ചില മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു:

  • അമിതപ്രതീക്ഷകള്‍ ഒഴിവാക്കുക. എത്രതന്നെ പരിശ്രമിച്ചാലും ഷുഗര്‍നിലയില്‍ ഒരിക്കലും ഏറ്റക്കുറച്ചിലുകള്‍ വരാതെ നോക്കുക അസാദ്ധ്യമാണ്.
  • കിണഞ്ഞു ശ്രമിച്ചിട്ടും ഷുഗര്‍ നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ എന്താവുമെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ശീലങ്ങളിലോ ജീവിതസാഹചര്യങ്ങളിലോ എന്തെങ്കിലും മാറ്റങ്ങള്‍  വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങിനെ ചെയ്യുക.
  • രക്തപരിശോധനാ ഫലങ്ങളെ പരീക്ഷാഫലങ്ങളെയെന്ന പോലെ നോക്കിക്കാണാതിരിക്കുക. നോര്‍മലല്ലാത്ത റിപ്പോര്‍ട്ടുകളെ വ്യക്തിപരമായ പരാജയങ്ങളായി വിലയിരുത്താതിരിക്കുക.

മറ്റു ചില പ്രശ്നങ്ങള്‍

തലച്ചോറിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹങ്ങളെയും ബാധിക്കുക വഴി പലപ്പോഴും പ്രമേഹം ഏകാഗ്രത, ഓര്‍മ, കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനിച്ച് ചെയ്യാനുള്ള കഴിവ് എന്നിവയെ ദുര്‍ബലപ്പെടുത്താറുണ്ട്.

പ്രമേഹബാധിതരായ പുരുഷന്മാരില്‍ പകുതിയോളം പേര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കണ്ടുവരാറുണ്ട്. ഇതിന്‍റെ പ്രധാനകാരണം പ്രമേഹം നാഡികളിലും രക്തക്കുഴലുകളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെങ്കിലും അമിത ഉത്ക്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കും ഇതിന്‍റെ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാറുണ്ട്.

മാനസികരോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി ഒരു സൈക്ക്യാട്രിസ്റ്റിനെയും നേരില്‍ക്കാണാതെ മരുന്നുകടകളില്‍ നിന്ന് നേരിട്ട് ഗുളികകള്‍ വാങ്ങിക്കഴിച്ചു ജീവിക്കുന്നവര്‍, ഇടയ്ക്കിടെ മരുന്നെഴുതിയ ഡോക്ടറെ കാണേണ്ടതും നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകള്‍ക്ക് വിധേയരാവേണ്ടതുമാണ്.

puthujeevan-trust

Dr Shahul Ameen
Dr Shahul Ameenhttp://www.psychiatryhospital.org
ഡോ. ഷാഹുല്‍ അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും, മനശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവര്‍ഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ സീനിയര്‍ റെസിഡന്റായും രണ്ടുവര്‍ഷം കട്ടപ്പന സെന്റ്ജോണ്‍സ് ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലും പുതുജീവന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റാണ്. വിവിധ അന്താരാഷ്ട്ര സൈക്ക്യാട്രി ജേര്‍ണലുകളില്‍ പത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്

Must Read