Homeആരോഗ്യംമുടി വളര്‍ത്താം സുന്ദരിയാകാം

മുടി വളര്‍ത്താം സുന്ദരിയാകാം

സമൃദ്ധമായ മുടി പെണ്ണിന് അഴകേറ്റും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാനിടയില്ല. ‘പനങ്കുല’ പോലത്തെ മുടി നാട്ടിന്‍ പുറങ്ങളില്‍ സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമായിരുന്നു. തഴച്ചുവളരുന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണെങ്കിലും പരിചരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരും അതിനെ ‘ക്രോപ്പ്’ ചെയ്യുന്നു. താരനും, മുടി കൊഴിച്ചിലും അകറ്റുന്നതിനും സമൃദ്ധമായി മുടി വളരുന്നതിനും ഒട്ടേറെ നാടന്‍ പൊടിക്കൈകളുണ്ടായിരുന്നു പഴയ തലമുറയ്ക്ക്. അല്പം ഒന്നു ശ്രമിച്ചാല്‍ ഈ നാട്ടറിവുകളുടെ സഹായത്താല്‍ അഴകേറും മുടിയിഴകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.

ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതില്‍ ഒരു ചെറിയ സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കുളിക്കുക. തലമുടി കൊഴിച്ചില്‍ ഇല്ലാതാകുകയും മുടിക്ക് നിറവും തിളക്കവും വര്‍ധിക്കുകയും ചെയ്യും.

കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് സമം ചേര്‍ത്ത് ചെറുതായി ചൂടാക്കി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണിത്.

തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം ചെയ്താല്‍ കൊഴിച്ചില്‍ നിലച്ച് നല്ലതുപോലെ മുടി വളരും.

താരന്‍ നശിക്കാന്‍ തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അര മണിക്കൂറിനു ശേഷം കുളിക്കുക.

ഒരു പിടി മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കുക. ഇത് തലമുടിയില്‍ പുരട്ടി നാലുമണിക്കൂര്‍ എങ്കിലും കഴിഞ്ഞതിനു ശേഷം കഴുകിക്കളയുക. അകാലനര മാറി മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കും.

തവിട് കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍ , ഇലക്കറികള്‍ എന്നിവ അനുദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്.

Manju
Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .

Must Read