Homeവീട്ടുകാര്യംചര്‍മ കാന്തിക്ക് ഫേഷ്യല്‍

ചര്‍മ കാന്തിക്ക് ഫേഷ്യല്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ നികത്തുന്നതിനും, കുരുക്കളും കറുത്ത പാടുകളും നീക്കി തിളക്കം കൊണ്ടുവരുന്നതിനും ഫേഷ്യലുകള്‍ സഹായിക്കും. ഫേഷ്യലില്‍ ക്ലെന്‍സിങ്ങ്, ടോണിങ്ങ്, മോയിസ്ചറൈസിങ്ങ് എന്നിങ്ങനെ മൂന്നു പടികളുണ്ട്. മസാജ്, ആവി കൊള്ളിക്കല്‍, ഫേസ്മാസ്‌ക് എന്നിവ ഓരോരുത്തരുടെയും ചര്‍മ്മത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ചാണ് ചെയ്യുന്നത്. ചര്‍മ്മത്തിലെ അഴുക്കും മൃതകോശങ്ങളും നീക്കി വൃത്തിയാക്കുകയാണ് ആദ്യപടി. അതിനുശേഷമുള്ള മസാജ് ചര്‍മ്മത്തിലെ രക്തയോട്ടം കൂട്ടി പേശികള്‍ക്ക് അയവു നല്‍കുകയും ചുളിവ് വീഴുന്നത് തടയുകയും ചെയ്യുന്നു. ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സ് എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിനു സഹായിക്കുന്നു. ഒടുവില്‍ ചെയ്യുന്ന ഫേസ് മാസ്‌ക് ചര്‍മ്മത്തിന് ആരോഗ്യം നല്‍കി കുരുക്കള്‍ വരാതെ സൂക്ഷിക്കുന്നു.

ചര്‍മ്മം വരണ്ട ചര്‍മ്മം, എണ്ണമയമുള്ള ചര്‍മ്മം, സാധാരണ ചര്‍മ്മം എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. അതുപോലെ ഇരുണ്ട ചര്‍മ്മം, വെളുത്ത ചര്‍മ്മം എന്നിവയുമുണ്ട്. നിങ്ങളുടെ ചര്‍മ്മം ഏതാണെന്ന് മനസ്സിലാക്കി അതിനു ചേര്‍ന്ന ഫേഷ്യല്‍ തിരഞ്ഞെടുക്കണം.

നിറം വര്‍ധിപ്പിക്കാന്‍

വൈറ്റനിങ്ങ് ഫേഷ്യല്‍, പേള്‍ ഫേഷ്യല്‍ എന്നിവയാണ് ഇരുണ്ട നിറത്തിലുള്ള ചര്‍മ്മക്കാര്‍ക്ക് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. വൈറ്റനിങ്ങ് ഫേഷ്യലില്‍ പപ്പായ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളാണ് ഉപയോഗിക്കുന്നത്. 600 രൂപ മുതല്‍ ഇതിനു ചെലവു വരും. പേള്‍ ഫേഷ്യലില്‍ മുത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ക്രീമാണ് ഉപയോഗിക്കുന്നത്. ചര്‍മ്മത്തിന് പെട്ടെന്നുതന്നെ നല്ല നിറം ലഭിക്കാന്‍ പേള്‍ ഫേഷ്യല്‍ സഹായിക്കും. 750 രൂപ മുതല്‍ ഇതിന് ചെലവു വരും.

വരണ്ട ചര്‍മക്കാര്‍ക്ക് അരോമ ഫേഷ്യല്‍

വരണ്ട ചര്‍മ്മം പെട്ടെന്ന് ചുളിവ് വീഴാന്‍ സാധ്യതയുള്ളതാണ്. ഇത്തരക്കാര്‍ക്കു നല്ലത് പഴങ്ങളുടെയും റോസാപ്പൂ, ലാവെന്‍ഡര്‍, കോണ്‍ഫ്ലവര്‍, കലെന്‍ഡുല തുടങ്ങിയ പൂക്കളുടെയും സത്തുകൊണ്ടുള്ള പ്രത്യേക ഫേഷ്യലുകളാണ്. വരണ്ട ചര്‍മ്മത്തിന് അനുയോജ്യമായ ഫേഷ്യലാണ് അരോമ. മില്‍ക്ക് പ്രോട്ടീന്‍ പാക്കും അരോമ ഓയിലുമാണ് ഇതില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ ഫേഷ്യല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നു, തിളക്കവും കാന്തിയും നല്‍കുന്നു. 700 രൂപ മുതലാണ് ഇതിന് ചെലവ്.

 പ്രധാന  ഫേഷ്യലുകള്‍

ഡയമണ്ട് ഫേഷ്യല്‍, ഗോള്‍ഡ് ഫേഷ്യല്‍, ആന്റി ഏജിങ്ങ് ഹെര്‍ബര്‍ ഫേഷ്യല്‍ എന്നിവയാണ് ചര്‍മ്മ സൗന്ദര്യത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഫേഷ്യലുകള്‍ . മുഖത്തെ ചെറിയ പാടുകളും ചുളിവുകളും നീക്കം ചെയ്യുന്നതാണ് ഡയമണ്ട് ഫേഷ്യല്‍. പേരു സൂചിപ്പിക്കുന്നപോലെ ഡയംണ്ടിന്റെ ഗുണങ്ങള്‍ അടങ്ങുന്ന ക്രീമാണ് ഇതില്‍ ഉപയോഗിക്കുന്നത്. വജ്രത്തെപ്പോലെ വിലപിടിപ്പുള്ളതാണ് വജ്ര ഫേഷ്യലും, 3000 രൂപയോളം ചിലവുവരും. സ്വര്‍ണ്ണത്തിന്റെ ഗുണങ്ങള്‍ ചര്‍മ്മത്തിന് ലഭ്യമാക്കുന്ന ഗോള്‍ഡ് ഫേഷ്യലിനും ആവശ്യക്കാരേറെയാണ്. 24 ക്യാരറ്റ് തനി സ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കിയ ക്രീം ഉപയോഗിച്ചാണ് ഗോള്‍ഡ് ഫേഷ്യല്‍ ചെയ്യുന്നത്. ഇത് ചര്‍മ്മത്തിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങി ചര്‍മ്മത്തിന് യുവത്വം നല്‍കുന്നു.

 

Must Read