സൌന്ദര്യ സംരക്ഷണത്തില്‍ ബ്യൂട്ടി പായ്ക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ദിവസവും ഉപയോഗിച്ചാല്‍ മാറ്റം നിങ്ങള്‍ക്കു കണ്ടറിയാം. ചര്‍മത്തിനു തിളക്കം കിട്ടുന്നതിനു മാത്രമല്ല ക്ഷീണം മാറി നല്ല ഫ്രഷനെസ് ലഭിക്കുന്നതിനും ബ്യൂട്ടിപായ്ക്കുകള്‍ സഹായിക്കും. സൌന്ദര്യ വര്‍ധനവിനുതകകുന്ന ഏതാനും ബ്യൂട്ടിപായ്ക്കുകള്‍ ഫെമിന്‍ വേള്‍ഡ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.
ചുണ്ടുകള്‍ക്കു ഭംഗി കിട്ടാന്‍
പനിനീര്‍ പൂവിന്റെ കുറേ ഇതളുകള്‍ അടര്‍ത്തിയെടുത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പാല്‍പ്പാട ചേര്‍ത്ത് ചുണ്ടുകളില്‍ പായ്ക്ക് നല്‍കുക. ഇത് ഉണങ്ങുന്നതിനു മുമ്പേ കഴുകിക്കളയണം. നിറം മങ്ങിയ ചുണ്ടുകള്‍ക്കു ചുവപ്പുനിറം കിട്ടാന്‍ നെല്ലിക്കയുടെ നീര് തേനില്‍ ചാലിച്ചു പായ്ക്ക് ആയി നല്‍കാം. കാരറ്റിന്റെ നീര്, ഗ്ലിസറിന്‍, പാല്‍പ്പാട ഇവ സമം എടുത്തു ചുണ്ടില്‍ പുരട്ടി പത്തുമിനിറ്റിനുശേഷം കഴുകിക്കളയുന്നതും ചുണ്ടിനു ഭംഗി നല്‍കുന്ന പായ്ക്കാണ്. ചുണ്ടുകള്‍ തുടുക്കുന്നതിന് ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമം ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.
മുഖത്തിനു തിളക്കം കിട്ടാന്‍
മൂന്നു ടേബിള്‍ സ്പൂണ്‍ കടലമാവില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ പാലൊഴിച്ചു കുഴച്ചു മുഖത്തിടുക. ഉണങ്ങും മുമ്പ് ഈ പായ്ക്ക് കഴുകിക്കളയണം. തുളസിയിലയും മഞ്ഞളും അരച്ചു മുഖത്തിടുന്നത് മുഖക്കുരു അകറ്റും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേര്‍ത്ത മിശ്രിതവും മുഖത്തിനു തിളക്കം കിട്ടാന്‍ നല്ലൊരു പായ്ക്കാണ്. ഇത് മുഖത്തിട്ട് ഉണങ്ങിയ ശേഷം കഴുകിക്കളയണം.
മുഖക്കുരു അകറ്റാന്‍
ചെറുനാരകത്തിന്റെ തളിരില, വേപ്പിന്റെ തളിരില, കൃഷ്ണതുളസി ഇല ഇവ മൂന്നും കൂടി ശുദ്ധജലത്തില്‍ അരച്ച് കുഴമ്പാക്കി മുഖത്തു പുരട്ടി രാത്രി കിടന്നുറങ്ങുന്നത് മുഖക്കുരു, മറ്റു ത്വക്‌രോഗങ്ങള്‍ എന്നിവയ്ക്ക് ശമനം നല്‍കും. പേരയിലത്തളിരും പച്ചമഞ്ഞളും ചേര്‍ത്തു നന്നായി അരച്ച് മുഖത്തു പുരട്ടുക, പച്ചമഞ്ഞളരച്ച് വേപ്പെണ്ണയില്‍ ചാലിച്ച് പുരട്ടുക, ആര്യവേപ്പില അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ച് ആവി മുഖത്തേല്‍ക്കുക എന്നിവയും മുഖക്കുരു അകറ്റാന്‍ നല്ലതാണ്.
കൈകള്‍ സുന്ദരമാക്കാന്‍
കാരറ്റ് നീരും പച്ചച്ചീരയുടെ ചാറും കൂട്ടിച്ചേര്‍ത്തു പതിവായി കൈകളില്‍ പുരട്ടുന്നത് ചര്‍മം മൃദുവാക്കും. രക്തചന്ദനവും രാമച്ചവും ചേര്‍ത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കി പനിനീരില്‍ ചാലിച്ച് കൈകളില്‍ പുരട്ടുന്നതും നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ കാച്ചാത്ത പാലില്‍ ബദാം പരിപ്പിട്ട് അരച്ചു കുഴമ്പുരൂപത്തിലാക്കി കൈകളില്‍ പുരട്ടുന്നതും കൈകളുടെ സൌന്ദര്യം വര്‍ധിപ്പിക്കും.
സുന്ദരമായ കാലുകള്‍ക്ക്
ഒരു നാരങ്ങയുടെ നീരും ഒരു ടീസ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്തു കാലുകളില്‍ പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകി കളയാം. കാലുകളില്‍ നല്ല പുളിയുള്ള തൈര് പുരട്ടുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. പത്തുമിനിറ്റിനുശേഷം ഇത് കഴുകിക്കളഞ്ഞ് ഓറഞ്ചുനീരും മുള്‍ട്ടാണിമിട്ടിയും ചേര്‍ന്ന പായ്ക്ക് ഇടാം. പഴുത്ത പപ്പായ അരച്ചു കാലുകളില്‍ പുരട്ടുന്നത് നല്ല നിറം കിട്ടുന്നതിനു സഹായിക്കും.