ശരീരത്തിലെ ഏറ്റവും സുന്ദരമായ അവയവം കണ്ണുകളാണ്. കവിത വിരിയുന്ന, പ്രണയം പിടയ്ക്കുന്ന മിഴിയിണകള്‍. ആ കണ്ണുകള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ ആഗ്രഹമില്ലേ? മേക്കപ്പ് കിറ്റില്‍ ഒഴിച്ചുകൂടാന്‍പറ്റാത്തവയാണ് ഐ ലൈനര് , മസ്‌കാര , കാജള്‍ പെന്‍സില്‍ , ഐ ഷാഡോ കളര്‍ എന്നിവ. ഇവ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കണ്ണ് വൃത്തിയായി കഴുകിയതിനുശേഷം ഉണങ്ങിയ മൃദുവായ തുണികൊണ്ട് ഒപ്പുക. ഒരു കോട്ടണില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ ക്ലെന്‍സിങ് മില്‍ക്ക് ഒഴിച്ച് വൃത്തിയായി കണ്ണുകള്‍ക്കു ചുറ്റും തുടയ്ക്കുക. ഇതിനുശേഷം ഐ ലൈനര്‍ ഉപയോഗിച്ച് കണ്ണിന്റെ ഒരു അറ്റംതൊട്ട് മറ്റേ അറ്റംവരെ വൃത്തിയായി വരയ്ക്കണം. ചെറിയ കണ്ണുള്ളവരും ഇടുങ്ങിയ കണ്ണുള്ളവരും മേല്‍പീലിയില്‍നിന്നു കുറച്ചു വിട്ടു വേണം ലൈനര്‍ വരയ്ക്കാന്‍ . ചെറിയ കണ്ണുകള്‍ വലുതായി തോന്നിക്കുന്നതിന് ഇതു സഹായിക്കും. വലിയ കണ്ണുള്ളവര്‍ക്ക് വളരെ നേര്‍ത്ത ഔട്ടര്‍ വരച്ചാല്‍ മതി. താഴെഭാഗം വളരെ ശ്രദ്ധയോടെ വേണം എഴുതാന്‍ . ദൃഷ്ടി മുകളിലേക്ക് ഉയര്‍ത്തി കണ്‍തടം അല്പം വലിച്ച് എഴുതാം. കരിമഷികൊണ്ട് എഴുതുന്നവര്‍ കൈ വൃത്തിയായി കഴുകിവേണം ഉള്‍ഭാഗം തൊടാന്‍ . അല്ലാത്തവര്‍ക്ക് കാജള്‍ പെന്‍സില്‍ കൊണ്ട് കണ്ണ് എഴുതിയശേഷം കുറച്ചുകൂടി ലുക്ക് കിട്ടുന്നതിന് ഐ ലൈനര്‍ കൊണ്ട് ഒരു ബോര്‍ഡര്‍ കൊടുക്കാം. കണ്ണുകള്‍ എഴുതിയതിനുശേഷം പീലികളിലേക്ക് കടക്കുക. പീലികള്‍ നല്ല സ്റ്റൈലായി വിടര്‍ന്നുനിന്നാലേ കണ്ണിന് ചന്തമുള്ളൂ. അതിനാണ് മസ്‌കാര. പലനിറത്തിലും ഷെയ്ഡിലുമുള്ള മസ്‌കാരകള്‍ ലഭ്യമാണെങ്കിലും കറുപ്പിനോളം സൗന്ദര്യം മറ്റൊന്നിനുമില്ല. മുകള്‍ഭാഗം ചരിച്ചും താഴെഭാഗം കുത്തനെയും വേണം മസ്‌കാര കൊണ്ട് പീലി മിനുക്കാന്‍. വാട്ടര്‍ പ്രൂഫ് മസ്‌കാരകളും ഐ ലൈനറുകളും വിപണിയില്‍ ലഭ്യമായതുകൊണ്ട് കണ്ണെഴുതിയത് പടരുമെന്ന പേടി വേണ്ട.
ഐ മേക്കപ്പ് പൂര്‍ണമാകണമെങ്കില്‍ കണ്‍പുരികങ്ങളും നന്നാക്കണം. കണ്ണിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചുവേണം പുരികം ത്രെഡ് ചെയ്യാന്‍. ചെറിയ കണ്ണുള്ളവര്‍ക്ക് നേര്‍ത്ത പുരികമാണ് നല്ലത്. വലിയ കണ്ണുള്ളവര്‍ക്ക് മീഡിയം കട്ടി മതി. ഓഫീസിലേക്കു പോകുമ്പോള്‍ കണ്ണിന് അധികം മേക്കപ്പ് വേണ്ട. അതേസമയം പാര്‍ട്ടി ടൈമില്‍ അല്പം കൂടുതല്‍ മേക്കപ്പ് ആകാം. കണ്ണിന്റെ രൂപത്തിനും ഷേപ്പിനും ചര്‍മത്തിനും യോജിക്കുന്ന ഷെയ്ഡുകള്‍ കണ്ണുകള്‍ക്കു ചുറ്റും കൊടുക്കാം. ചെറിയ കണ്ണുള്ളവര്‍ക്ക് പുരികത്തിന്റെ ഭാഗത്ത് സില്‍വര്‍ ഷെയ്ഡും കണ്‍കുഴിയില്‍ ബ്രൗണ്‍ ഷെയ്ഡും നല്കാം. കോണ്ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മേക്കപ്പ് ഇട്ട് രണ്ടുമൂന്നു മിനിറ്റുകള്‍ കഴിഞ്ഞതിനുശേഷം ലെന്‍സുകള്‍ വെക്കുന്നതാകും നല്ലത്.
മേക്കപ്പ് മാറ്റുമ്പോള്‍ ക്ലെന്‍സിങ് മില്‍ക്ക് കൊണ്ട് വൃത്തിയായി തുടച്ചശേഷം ഫേയ്‌സ് വാഷ് ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍. ഇല്ലെങ്കില്‍ കണ്ണിനു ചുറ്റും കറുത്ത വലയങ്ങള്‍ രൂപപ്പെടും. മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള ഇരുണ്ട വലയം. അല്പം ശ്രദ്ധ കൊടുത്താല്‍ ആ പ്രശ്‌നം നിസ്സാരമായി പരിഹരിക്കാം. ഉപയോഗിച്ച ടീ ബാഗുകള്‍ കണ്‍തടങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണയെങ്കിലും വെക്കുക. അല്ലെങ്കില്‍ പപ്പായയോ റോബസ്റ്റയോ നല്ലപോലെ പഴുപ്പിച്ച് വട്ടത്തില്‍ മുറിച്ച് കണ്‍തടത്തില്‍ 20 മിനുട്ട് വെക്കുക. കറുത്ത പാട് അപ്രത്യക്ഷമായിക്കൊള്ളും.