Home പേരന്റിംഗ് വാവ എന്തിനാ കരയുന്നത് ?

വാവ എന്തിനാ കരയുന്നത് ?

0
വാവ എന്തിനാ കരയുന്നത് ?

കുഞ്ഞുവാവ കരയുമ്പോള്‍ അമ്മമാരുടെ മനസ്സ് പിടയ്ക്കും. കുഞ്ഞുങ്ങള്‍ കരയുന്നതിനു പ്രധാന കാരണം പലപ്പോഴും ദേഹാസ്വസ്ഥതയായിരിക്കാം.  കുഞ്ഞുങ്ങള്‍ എന്ത് അസ്വസ്ഥത മൂലമാണ് കരയുന്നതെന്നു മനസ്സിലാക്കാന്‍ ചില വഴികളുണ്ട്.

കുഞ്ഞിനെ തോളില്‍ ചേര്‍ത്ത് കിടത്തുമ്പോഴോ കമഴ്ത്തി കിടത്തുമ്പോഴോ കരച്ചില്‍ കുറയുകയാണെങ്കില്‍ വയറു വേദനയാകാം കരച്ചിലിനു കാരണം.  കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ അതോടൊപ്പം വായു  ഉള്ളില്‍പ്പോകും. ഈ വായു കുഞ്ഞിന് വയറുവേദന ഉണ്ടാക്കും. ഇത് ഒഴിവാക്കുവാന്‍ അമ്മമാര്‍ ഇരുന്നു വേണം കുഞ്ഞുങ്ങളെ മുലയൂട്ടുവാന്‍. പാല്‍ കുടിച്ചതിനുശേഷം കുഞ്ഞിനെ തോളില്‍  കിടത്തി പുറത്തു പതിയെ തട്ടണം. ഏമ്പക്കം പോയാല്‍ കുഞ്ഞിന് വയറിന് ആശ്വാസം ലഭിയ്ക്കും. കുഞ്ഞ് പാല്‍ ഛര്‍ദ്ദിക്കാതിരിക്കുന്നതിനും ഇത് സഹായിക്കും.

കരഞ്ഞു തളര്‍ന്ന് ഉറങ്ങുക, വിയര്‍ക്കുക, കണ്ണിന്‍റെ കൃഷ്ണമണി കുറേനേരം ഒരേപോലെ നില്‍ക്കുക, കൃഷ്ണമണിയുടെ ചലനങ്ങള്‍ വല്ലാതെ ആകുക, മുഖം ചുമക്കുക എന്നിവ ഫിറ്റ്സിന്റെ ലക്ഷണമാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുഞ്ഞിനെ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുക.

കാതില്‍ പിടിച്ചുകൊണ്ടാണ് കുഞ്ഞ് കരയുന്നതെങ്കില്‍ ചെവി വേദനിച്ചിട്ടാവാം. ചെവിവേദന തുടക്കത്തില്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. അല്ലാത്തപക്ഷം ചെവി പഴുക്കുവാന്‍ സാധ്യതയുണ്ട്.  മൂക്കടപ്പുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാതെ വരും. ഈ അസ്വസ്ഥതയും അവര്‍ പ്രകടിപ്പിക്കുന്നത് കരച്ചിലിലൂടെയായിരിക്കും. ഉപ്പിട്ട വെള്ളം തിളപ്പിച്ച് ആറ്റി അത് ഒന്നോ രണ്ടോ തുള്ളി കുഞ്ഞിന്‍റെ മൂക്കില്‍ ഒഴിയ്ക്കാം.  അല്ലെങ്കില്‍ ഈ വെള്ളം പഞ്ഞിയില്‍ മുക്കി മൂക്ക് വൃത്തിയാക്കാം. കുഞ്ഞിന് ആശ്വാസം ലഭിയ്ക്കും.

മലബന്ധം വയറ്റില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളാവാം ചിലപ്പോള്‍ കരച്ചിലിനു കാരണം. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മലബന്ധം ഉണ്ടാകാറില്ല. വയറ്റില്‍ നിന്നും പോകുന്നില്ലെങ്കില്‍ കുഞ്ഞിന് കൂടുതല്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ ശ്രദ്ധിയ്ക്കണം. വെള്ളവും ധാരാളം കൊടുക്കണം.  ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ട് അതിന്‍റെ സത്ത് കുഞ്ഞുങ്ങള്‍ക്ക് മലബന്ധം മാറ്റാന്‍ നല്‍കാറുണ്ട്. മുന്തിരിങ്ങാ നല്‍കുമ്പോള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കണം.

കുഞ്ഞിന്‍റെ വയറ്റില്‍ നിന്നു പോയാല്‍ തുടര്‍ച്ചയായി തുണികൊണ്ട് തുടച്ചെടുക്കരുത്. കുഞ്ഞുങ്ങളുടെ മാര്‍ദ്ദവമുള്ള തൊലിയില്‍ വീണ്ടു വീണ്ടും തുടയ്ക്കുന്നത് നീറ്റലുണ്ടാക്കും. അതൊഴിവാക്കാന്‍ വയറ്റില്‍ നിന്നും പോയാല്‍ തുണികൊണ്ട് ഒപ്പിയെടുക്കുന്നതാണ് നല്ലത്.