Home പേരന്റിംഗ് കുട്ടികളിലെ ജലദോഷം നിസാരമായി കാണരുത്

കുട്ടികളിലെ ജലദോഷം നിസാരമായി കാണരുത്

0
കുട്ടികളിലെ ജലദോഷം നിസാരമായി കാണരുത്

കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജലദോഷം നിസാരമായി കാണരുത് . തുടര്‍ച്ചയായി ഉണ്ടാകുന്ന ജലദോഷം കേള്‍വിക്കുറവിനും അഡിനോയിഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തന  വൈകല്യങ്ങള്‍ക്കും കാരണമാകാം. മൂക്കിനു പുറകിലായി ശ്വാസനാളത്തിന്റെ തുടക്കത്തില്‍ പുറകിലായി സ്ഥിതിചെയ്യുന്ന ഗ്രന്ഥികളാണ് അഡിനോയിഡ് ഗ്രന്ഥികള്‍. കുട്ടികളില്‍ അടിക്കടി ജലദോഷം, സൈനസൈറ്റിസ്, ടോണ്‍ സിലൈറ്റിസ്, അലര്‍ജി എന്നിവ ഉണ്ടാകുമ്പോള്‍ അഡിനോയ്ഡില്‍ അണുബാധ ഉണ്ടാകുകയും അവയുടെ വലുപ്പം കൂടുകയും ചെയ്യുന്നു.  തന്മൂലം  കുട്ടിയുടെ മൂക്കില്‍ക്കൂടിയുള്ള ശ്വാസം തടസപ്പെടുകയും വായില്‍ക്കൂടി ശ്വസിക്കേണ്ടിവരികയും ചെയ്യുന്നു.

കുട്ടിയുടെ മൂക്കില്‍ നിന്നു രക്തം വരിക, ശബ്ദ വ്യത്യാസം ഉണ്ടാവുക, ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടരെ കാണുവാന്‍ അമാന്തിക്കരുത്.

അഡിനോയിഡ് ഗ്രന്ഥി വലുതായാല്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം.  ഇതിന്റെ വളര്‍ച്ച തൊണ്ടയുടെ വശങ്ങളില്‍ നിന്നു ചെവിയിലേയ്ക്ക് വായു കടത്തിവിടുന്ന നാളിയില്‍ തടസമുണ്ടാക്കും. തത്ഫലമായി  ചെവിയുടെ പാട ഉള്ളിലേക്ക് വലിയും. മധ്യകര്‍ണത്തില്‍ നീര്‍കെട്ടല്‍, അണുബാധ എന്നിവ ഉണ്ടാകും.കേള്‍വിക്കുറവിനും ഇത് കാരണമാകും . ശ്വാസതടസം അധികനാള്‍ നീണ്ടു നില്‍ക്കുന്നത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും രോഗങ്ങള്‍ക്കും കാരണമാകാം.

രോഗലക്ഷണങ്ങള്‍ വഴിയും എക്സ്-റേ അല്ലെങ്കില്‍ എന്‍ഡോസ്കോപ്പി ഉപയോഗിച്ചും അഡിനോയിഡിന്റെ  വലുപ്പക്കൂടുതല്‍ കണ്ടുപിടിക്കാം. മരുന്ന് ഉപയോഗിച്ച് അസുഖം കുറയുന്നില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ രോഗം വന്ന അഡിനോയ്ഡ് നീക്കം ചെയ്യേണ്ടതായി വരും.