Home വീട്ടുകാര്യം ബാത്ത് റൂം ഒരുക്കുമ്പോള്‍

ബാത്ത് റൂം ഒരുക്കുമ്പോള്‍

0
ബാത്ത് റൂം ഒരുക്കുമ്പോള്‍

“വൌ  വാട്ട് എ ബാത്ത് റൂം” എന്ന പരസ്യവാചകം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല. വൃത്തിയും മനോഹാരിതയും സൌകര്യവുമുള്ള ബാത്ത്‌റൂമുകളാണ് വീടിന് ആവശ്യം. മുടക്കാന്‍ സാധിക്കുന്ന പണത്തിനനുസരിച്ച് ബാത്ത്‌റൂം മോടി പിടിപ്പിക്കാം. ബാത്ത്‌റൂമിന് ഭംഗിയും പൂര്‍ണതയും നല്‍കുന്നത് അതില്‍ ഉപയോഗിക്കുന്ന ആക്‌സസറീസാണ്.  ബാത്ത്‌റൂമിന്റെ ഛായ തന്നെ മാറ്റാന്‍ മോഡേണ്‍ ആക്‌സസറികള്‍ക്ക് കഴിയും. സുരക്ഷിതവും ആകര്‍ഷകവും ഗുണനിലവാരമുള്ളതുമായിരിക്കണം ആക്‌സസറീസ്.  അവ  ബാത്ത്‌റൂമിന്റെ  ഇന്റീരിയറിന് ഇണങ്ങുന്നതായിരിക്കണം. സാധാരണ ഉപയോഗത്തിലുള്ള ബാത്ത്‌റൂം ആക്‌സസറീസിനെ പരിചയപ്പെടാം. നിങ്ങളുടെ ബജറ്റിനനുസരിച്ച് ഇവ തെരഞ്ഞെടുക്കാം.

ബാത്ത്‌റൂം ടവല്‍ ഹോള്‍ഡറില്‍ ബാത്ത് ടവല്‍  തൂക്കിയിടാം. കുളിക്കുന്നതിന് സമീപം തന്നെയാകണം ഹോള്‍ഡര്‍ സ്ഥാപിക്കേണ്ടത്. ഇല്ലെങ്കില്‍ പെട്ടെന്ന് എടുക്കുക അസാധ്യമാകും. ഒന്നിലധികം ടവല്‍ ഉണ്ടെങ്കില്‍ ടവല്‍ റയിലില്‍ തൂക്കിയിടാം. ടവല്‍ റിങ്ങും ഇതേ ഉപയോഗത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്. റിങ്ങോ, ഹോള്‍ഡറോ, റെയിലോ എന്നത്  ഇന്റീരിയറിനെ ആശ്രയിച്ചാണിരിക്കുന്നത്. സോപ്പ് ഡിഷ്, ടൂത്ത് ബ്രഷ് ഹോള്‍ഡര്‍, സോപ്പ് ഡിസ്‌പെന്‍സര്‍ തുടങ്ങിയവ ബാത്ത് റൂമിന്റെ നിറത്തിനും ഡിസൈനിനും ഇണങ്ങണം.

ബാത്ത്‌റൂം കണ്ണാടികള്‍ വ്യത്യസ്തമായ ഡിസൈനിലും നിറത്തിലും ആകൃതിയിലും ലഭ്യമാണ്. ഓവല്‍, സമചതുരം, ചതുരം എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. ബാത്ത്‌റൂമിന് വിസ്തൃതി തോന്നാനും സ്വാഭാവികവും കൃത്രിമവുമായ പ്രകാശത്തെ പ്രതിഫലിപ്പിക്കുവാനും ഇവ സഹായകമാകും. ലൈറ്റിംഗ് നടത്തുമ്പോള്‍ കണ്ണാടിയുടെ ഇടത്തോ വലത്തോ മുകളിലോ ആകണം. ഇത് നിഴല്‍ ഒഴിവാക്കും. വ്യത്യസ്തഡിസൈനിലും ഗുണനിലവാരത്തിലുമുള്ള ടാപ്പുകള്‍ ലഭ്യമാണ്. തെരഞ്ഞെടുക്കുമ്പോള്‍ വിലയെക്കാള്‍ ഗുണനിലവാരം  പരിഗണിക്കുക.

ലൈറ്റിംഗാണ് ഇനി ശ്രദ്ധിക്കേണ്ടത്. ശരിയായ ലൈറ്റിംഗ് മുറിയെ പ്രകാശമാനമാക്കും. ബാത്ത് റൂമിലെ ഓരോ വസ്തുവിനെയും എടുത്തുകാട്ടുന്നതാവണം ലൈറ്റിംഗ്.  പ്രധാനമായും മൂന്ന് തരം ലൈറ്റിംഗാണ് ബാത്ത്‌റൂമില്‍ ചെയ്യാറുള്ളത്. ബാത്ത് റൂമില്‍ മുഴുവന്‍ പ്രകാശം നിറയ്‌ക്കുന്നതാണ് ജനറല്‍ ലൈറ്റിംഗ്. ഒരു പ്രത്യേക സംവിധാനത്തെയോ വസ്തുവിനെയോ എടുത്തുകാട്ടാന്‍ ടാസ്‌ക് ലൈറ്റിംഗ് ഉപയോഗിക്കുന്നു. ഇത്തരം ലൈറ്റിംഗിന് തീവ്രത കൂടുതലായിരിക്കും.  ബാത്ത്‌റൂമിന്റെ മധ്യഭാഗത്ത് ലൈറ്റ് സ്ഥാപിക്കുന്ന രീതിയാണ് ആംബിയന്റ് ലൈറ്റിംഗ്.