Homeവീട്ടുകാര്യംവീടിനു നിറം നല്‍കുമ്പോള്‍

വീടിനു നിറം നല്‍കുമ്പോള്‍

ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്, ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. കണ്ണിനു കുളിര്‍മ്മ നല്‍കുന്ന നിറങ്ങളാണ് വീടിനു എപ്പോഴും ഇണങ്ങുക. എവിടെയെങ്കിലും കാണുന്ന കളറുകള്‍ വീടുകള്‍ക്കുവേണ്ടി തിരഞ്ഞെടുക്കാതെ ഓരോ വീടിനും ഇണങ്ങുന്ന രീതിയില്‍ ആര്‍ക്കിടെക്ടുമായോ ഇന്റിരിയര്‍ ഡിസൈനര്‍മാരുമായോ ആലോചിച്ചു നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതാവും ഉചിതം

കടും നിറങ്ങളാണ് മുറികളുടെ ഉള്‍ഭാഗത്ത് നല്ലത്. കിടപ്പുമുറിയിലും കുട്ടികളുടെ പഠനമുറിയിലും നീല നിറം ആണ് ഉചിതം. മനഃസമാധാനം നല്‍കുന്ന നിറമാണ് നീല.  ഉണര്‍വ് നല്‍കുന്ന നിറമാണ് മഞ്ഞ. അതുകൊണ്ട് വായനാമുറിക്കും അടുക്കളയ്ക്കും ഈ നിറം യോജിക്കും. പച്ചനിറം മനസ്സിനു  കുളിര്‍മ നല്‍കുന്നു. കിടപ്പുമുറി, ബാത്ത് റൂം എന്നിവയ്ക്ക് ഈ നിറം ചേരും. ഭാവനാത്മകമായ നിറമാണ് വയലറ്റ്. പഠനമുറിക്കും കുട്ടികളുടെ കിടപ്പുമുറിക്കും ചേരുന്ന നിറമാണിത്.

പുറം ഭിത്തികള്‍ക്ക് ഇളംനിറങ്ങളാണ് ഉചിതം. ഇളം നിറങ്ങള്‍ക്ക് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ ചുടു കുറയും എന്ന ഗുണവുമുണ്ട്. കടുത്ത നിറം വേണമെന്നുള്ളവര്‍ക്ക് വീടിന്റെ വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ ഉപയോഗിക്കാം. തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇളം നിറങ്ങളാണു നല്ലത്. കടും ചാരനിറം, ചുവപ്പ്, പച്ച, മഞ്ഞ എന്നിവയ്ക്ക് ചൂട് കൂടുതലാണ്. ഇളം ചാരനിറം, വെള്ള, ക്രീം നിറങ്ങള്‍ക്ക് ചൂട് കുറയും.

പെയിന്‍റിങ് തുടങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികള്‍ തീര്‍ന്നശേഷമേ പെയിന്റിങ് തുടങ്ങാവൂ.
2. പെയിന്റിങ് കരാര്‍ അടിസ്ഥാനത്തില്‍ ഏല്‍പ്പിക്കുകയാണെങ്കില്‍ പെയിന്റുകള്‍, പുട്ടി, സീലര്‍, എമല്‍ഷന്‍ എന്നിവയുടെ ഗുണനിലവാരം, ഉപയോഗിക്കുന്ന രീതി എന്നിവ എഴുതിവാങ്ങണം.
3. പ്രൈമറിന്റെ പുറത്തു വേണം പെയിന്റ് ചെയ്യാന്‍ . പുട്ടിയുടെ പുറത്ത് പെയിന്റ് ചെയ്യരുത്. വിള്ളലുകളും കുഴികളും നികത്തുന്നതിനാണ് പുട്ടി അടിക്കുന്നത്.
4. പെയിന്റ് ചെയ്യുന്നതിനുമുമ്പ് ഭിത്തി പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത് നന്നായി ഉണങ്ങിയിട്ടുണ്ടെന്ന്  ഉറപ്പാക്കണം.
5. ഭിത്തിയില്‍ ഈര്‍പ്പം വറ്റാതെ നില്‍ക്കുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചശേഷംമാത്രം പെയിന്റ് ചെയ്യുക.
6. മഴ നേരിട്ട് വീഴുന്ന ചുമരുകള്‍ക്ക് വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ ഉപയോഗിക്കാം.
7. എമല്‍ഷനും ടെക്‌സ്ചറുകളും വെള്ളവും സോപ്പുമുപയോഗിച്ച് വൃത്തിയാക്കാം. പക്ഷേ, ഡിസ്റ്റംബര്‍ വെള്ളം ഉപയോഗിക്കാതെ ഉണങ്ങിയ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം.

Must Read