Homeപേരന്റിംഗ്ടെലിവിഷന്റെ സ്വാധീനം കുട്ടികളില്‍

ടെലിവിഷന്റെ സ്വാധീനം കുട്ടികളില്‍

മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ദുസ്സ്വാധീനം ചെലുത്താനാവുമെന്ന് ആദ്യമായി വ്യക്തമാവുന്നത് ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും ആ നോവല്‍ നിരോധിച്ചു. അങ്ങിനെയാണ് മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകളെ ശാസ്ത്രജ്ഞര്‍ “വെര്‍തര്‍ എഫക്റ്റ്” എന്നു വിളിച്ചുതുടങ്ങിയത്. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണം ഹോളിവുഡ് സുന്ദരി മെര്‍ലിന്‍ മണ്‍റോവിന്റെ ആത്മഹത്യ ടെലിവിഷനില്‍ക്കണ്ട അനേകം പേര്‍ ആത്മഹത്യ ചെയ്തതാണ്. പത്തൊമ്പതുകാരനായ നായകന്‍ തീവണ്ടിക്കുമുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ള ഒരു സീരിയല്‍ ആദ്യമായി കാണിച്ചപ്പോഴും പുന:സംപ്രേഷണം ചെയ്തപ്പോഴും ജര്‍മനിയില്‍ വളരെയധികം ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.

ടെലിവിഷനില്‍ ആക്രമണരംഗങ്ങള്‍ കണ്ടതിനുശേഷം കളികളിലേര്‍പ്പെടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്നുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തിയൊന്നില്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് മാധ്യമങ്ങളിലെ അക്രമ ദൃശ്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടോ എന്ന വിഷയത്തില്‍ അതുവരെ നടന്ന ശാസ്ത്രീയപഠനങ്ങളെയെല്ലാം സൂക്ഷ്മപരിശോധന നടത്തുകയും, മാധ്യമങ്ങളിലെ അക്രമചിത്രങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ വളരെയധികം അനുകരിക്കുന്നുണ്ടെന്ന അനുമാനത്തിലെത്തുകയും ചെയ്തു.

കുട്ടികളിലെ അക്രമവാസനയുടെ ഏകകാരണം ടെലിവിഷന്‍ ആണെന്ന് ഇതിനര്‍ത്ഥമില്ല. അതേസമയം, സ്വതവേ ആക്രമണോത്സുകരാ‍യ കുട്ടികളെ കൂടുതല്‍ അക്രമങ്ങളിലേക്കും മറ്റു ദു:സ്വഭാവങ്ങളിലേക്കും നയിക്കാന്‍ ടെലിവിഷനു കഴിയുന്നുണ്ടെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ടെലിവിഷന് കുട്ടികളെ ഇത്രയധികം സ്വാധീനിക്കാന്‍ കഴിയുന്നതെങ്ങനെ?
വളര്‍ന്നു വരുന്ന കുട്ടികള്‍ വിവിധ അറിവുകള്‍ സ്വായത്തമാക്കുന്ന രീതികളില്‍ പ്രധാനപ്പെട്ട ഒന്നാണ് Social Learning. മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ നിരീക്ഷിച്ച് ആ പെരുമാറ്റരീതികളെ അനുകരിക്കാന്‍ തുടങ്ങുന്ന രീതിയാണ് Social Learning. മുതിര്‍ന്നവരുടെ ശീലങ്ങളും ആചാരങ്ങളുമൊക്കെ കുട്ടികള്‍ പഠിച്ചെടുക്കുന്നത് Social Learning-ലൂടെയാണ്. ഇതേ രീതിയിലുള്ള അനുകരണമാണ് പലപ്പോഴും ടെലിവിഷനില്‍ നിന്ന് ആക്രമണരീതികളും ആത്മഹത്യാമാര്‍ഗങ്ങളുമൊക്കെ കണ്ടുമനസ്സിലാക്കി അതാവര്‍ത്തിക്കാന്‍ നോക്കുന്ന കുട്ടികളും കാണിക്കുന്നത്. ആത്മഹത്യ അനുകരിക്കുന്നതിനിടയില്‍ മരിച്ചുപോയ പല കുട്ടികള്‍ക്കും മരിക്കണമെന്ന ആഗ്രഹം തീരെ ഇല്ലായിരുന്നുവെന്ന കണ്ടെത്തലുകള്‍ ഈ അനുകരണപ്രവണതയുടെ തെളിവുകളാണ്. തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു ബോദ്ധ്യവുമില്ലാതെയുള്ള ഇത്തരം അനുകരണങ്ങള്‍ പ്രൈമറിതലത്തിലുള്ള കുട്ടികളിലാണ് കൂടുതലായി കാണുന്നത്. കൌമാരപ്രായക്കാര്‍ പലപ്പോഴും ഈ അനുകരണങ്ങളുടെ ഗൌരവം ശരിക്കും ഉള്‍ക്കൊണ്ടുതന്നെയാണ് അക്രമങ്ങളും ആത്മഹത്യാശ്രമങ്ങളുമൊക്കെ നടത്തുന്നത്.

ടെലിവിഷനിലെ മറ്റു ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങള്‍ കുട്ടികളെ കൂടുതലായി സ്വാധീനിക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്മാര്‍ ചില വിശദീകരണങ്ങള്‍ നല്‍കുന്നുണ്ട്. മറ്റു ദൃശ്യങ്ങളെ അപേക്ഷിച്ച് ആക്രമണദൃശ്യങ്ങള്‍ക്ക് കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ള പശ്ചാത്തലശബ്ദങ്ങളും സംഗീതങ്ങളും ഉണ്ടായിരിക്കും. പെട്ടെന്നുപെട്ടെന്നു മാറുന്ന ദൃശ്യങ്ങളും (rapid cuts) കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരം രംഗങ്ങളുടെ ഒരു സവിശേഷതയാണ്. ഇത്തരം രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളിലും സീരിയലുകളിലും മറ്റും ഒരു പക്ഷേ ആ ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണങ്ങളോ അല്ലെങ്കില്‍ ആ അക്രമങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പിന്നീട് കിട്ടുന്ന ശിക്ഷകളോ ഒക്കെ ചിത്രീകരിച്ചിട്ടുണ്ടാവാം. പക്ഷേ നേരത്തേ പറഞ്ഞ പശ്ചാത്തലശബ്ദങ്ങളും മറ്റും കുട്ടികളുടെ ശ്രദ്ധയെ ആക്രമണരംഗങ്ങളിലേക്കു മാത്രമേ തിരിക്കുന്നുള്ളൂ എന്നതിനാല്‍ ഈ കാരണങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം അവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു.

ടെലിവിഷനില്‍ തുടര്‍ച്ചയായി ആക്രമണദൃശ്യങ്ങള്‍ കാണുന്നതുവഴി യഥാര്‍ത്ഥജീവിതത്തിലെ ഹിംസാത്മകസംഭവങ്ങളെയും നിര്‍വികാരതയോടെ മാത്രം വീക്ഷിക്കാനുള്ള ഒരു ശീലവും ഈ കുട്ടികളില്‍ വളര്‍ന്നുവന്നേക്കാം. അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവിധത്തിലുള്ള വീഡിയോ ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികളില്‍ ഈ പ്രവണത വളരെ ഏറിയിരിക്കും.

രക്ഷിതാക്കള്‍ക്ക് ഈ വിഷയത്തില്‍ എന്തുചെയ്യാന്‍ കഴിയും?
ടെലിവിഷനിലെ ദൃശ്യങ്ങളും യഥാര്‍ത്ഥജീവിതവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചെറുപ്രായത്തിലേ രക്ഷിതാക്കള്‍ കുട്ടികളെ ബോധവാന്മാരാക്കേണ്ടതാണ്. തങ്ങളുടെ കുട്ടികള്‍ ടെലിവിഷനില്‍ എന്തൊക്കെയാണു കാണുന്നതെന്ന്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കുട്ടികള്‍ കാണുന്ന പരിപാടികളെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ അവരോട് സംസാരിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങള്‍ കുട്ടികളില്‍ വിഷമം സൃഷ്ടിക്കുന്നുണ്ടോ, അക്രമങ്ങളോ മരണമോ കാണിക്കുന്ന ദൃശ്യങ്ങളില്‍ കുട്ടികള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ടോ എന്നെല്ലാം രക്ഷകര്‍ത്താക്കള്‍ ജാഗരൂകരായിരിക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ കുട്ടികളില്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ ചിന്താരീതികളെയും അഭിപ്രായങ്ങളെയും കുറിച്ച് അവരോട് തുറന്നു സംസാരിക്കേണ്ടതാണ്.

പ്രൈമറിതലം വരെയുള്ള കുട്ടികളെ കഴിയുന്നതും ഇത്തരം ദൃശ്യങ്ങളുള്ള പ്രോഗ്രാമുകള്‍ കാണുന്നതു തടയുന്നതു തന്നെയാണ് ഇവയുടെ ദുസ്സ്വാധീനം തടയാനുള്ള ഏറ്റവും നല്ല വഴി. ആക്രമണദൃശ്യങ്ങളുടെ പൊള്ളത്തരം കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതും ഉപകാരപ്രദമാണ്.

കുറച്ചുകൂടി മുതിര്‍ന്ന കുട്ടികളോടാവട്ടെ, ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതും അവരുടെ തെറ്റിദ്ധാരണകള്‍ രക്ഷിതാക്കള്‍ തന്നെ തിരുത്തുന്നതുമാണ് ഏറ്റവും നല്ലത്. കൌമാരപ്രായക്കാരോട് ടെലിവിഷന്‍പ്രോഗ്രാമുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആരായുന്നതും അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ അവ അകറ്റിക്കൊടുക്കുന്നതും നല്ലതാണ്. ഇതുവഴി കുട്ടികളെ ടെലിവിഷന്‍പ്രോഗ്രാമികളുടെയും മറ്റു മാധ്യമങ്ങളുടെയും ഉള്ളടക്കങ്ങളെ വിലയിരുത്തുവാനുള്ള കഴിവുള്ളവരായും അങ്ങനെ ഇത്തരം ദൃശ്യങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റാത്തവരായും വളര്‍ത്തിയെടുക്കാന്‍ കഴിയും.

puthujeevan-trust-new-banner

Dr Shahul Ameen
Dr Shahul Ameenhttp://www.psychiatryhospital.org
ഡോ. ഷാഹുല്‍ അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും, മനശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവര്‍ഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ സീനിയര്‍ റെസിഡന്റായും രണ്ടുവര്‍ഷം കട്ടപ്പന സെന്റ്ജോണ്‍സ് ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലും പുതുജീവന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റാണ്. വിവിധ അന്താരാഷ്ട്ര സൈക്ക്യാട്രി ജേര്‍ണലുകളില്‍ പത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്

Must Read