Home വീട്ടുകാര്യം ട്രെന്‍ഡ് ആയി മുളയാഭരണങ്ങള്‍

ട്രെന്‍ഡ് ആയി മുളയാഭരണങ്ങള്‍

0
ട്രെന്‍ഡ് ആയി മുളയാഭരണങ്ങള്‍

പ്ലാസ്റ്റിക്കിലും, ഫൈബറിലും തീര്‍ത്ത ആഭരണങ്ങള്‍ക്കു പകരം വയ്ക്കാന്‍ മുളയില്‍ തീര്‍ത്ത ആഭരണങ്ങള്‍ എത്തിക്കഴിഞ്ഞു. പുതിയ തലമുറ മുള ആഭരണങ്ങളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മുളയില്‍ നിര്‍മ്മിച്ച മാലകളും കമ്മലുകളും നെക്ലേസുകളും വളകളും വിപണിയില്‍ പ്രചാരം നേടിക്കഴിഞ്ഞു. നേര്‍ത്ത മുള സംസ്കരിച്ച് ചെറുതായി മുറിച്ചാണ് ബാംബൂ മുത്തുകള്‍ നിര്‍മിക്കുന്നത്. പല ആകൃതികളില്‍ തയ്യാറാക്കുന്ന ഈ മുത്തുകളാണ് മുളകൊണ്ടുള്ള ആഭരണങ്ങള്‍ക്ക് വ്യത്യസ്തതയും ആകര്‍ഷണീയതയും നല്‍കുന്നത്. ബാംബൂ മുത്തുകള്‍ക്കൊപ്പം ഗ്ലാസ് മുത്തുകള്‍ കൂടി ചേര്‍ത്തും, സ്വര്‍ണം ചേര്‍ത്തും ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മുളകൊണ്ടുള്ള ആഭരണങ്ങളില്‍ കരിമണി മാലയുടെ മോഡലിലുള്ള മാലകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍ എന്ന് വ്യാപാരികള്‍ പറയുന്നു.

ഈറ്റ ചെറുതായി മുറിച്ചു സാന്‍ഡ് പേപ്പര്‍ കൊണ്ടുരച്ച് മിനുസപ്പെടുത്തിയാണ് വളകള്‍ നിര്‍മിക്കുന്നത്. ഈറ്റയുടെ പൊടി നിറം കലര്‍ത്തിയശേഷം പശ ഉപയോഗിച്ച് വളകളില്‍ പതിപ്പിച്ചാണ് ഡിസൈനുകളൊരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള വളകള്‍ക്ക് 15 രൂപ മുതലാണ് വില. ചായക്കൂട്ടില്‍ നിന്നും അടര്‍ത്തിയെടുത്ത വര്‍ണബിന്ദുക്കള്‍ പോലെയാണ് ബാംബൂവില്‍ തീര്‍ത്ത കമ്മലുകള്‍. നേര്‍ത്ത മുളയുടെ തടി ചെറുതാക്കിയും ബാംബൂ ബീഡ്‌സ് കോര്‍ത്തുമാണ് കമ്മലുകള്‍ നിര്‍മിക്കുന്നത്. 20 – 40 രൂപയ്ക്ക് ബാംബൂ കമ്മലുകള്‍ ലഭിക്കും.