പല മാരകരോഗങ്ങളില്‍നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് വാക്സിനുകള്‍ക്കു സാധിക്കും. പ്രധാന വാക്സിനുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതുകൂടാതെ നിരവധി പുതിയ വാക്സിനുകള്‍ ഇന്നുണ്ട്. കുട്ടികള്‍ക്കുള്ള ചില വാക്സിനുകളും അവയുടെ ഗുണങ്ങളും പരിശോധിക്കാം.
ഹെപ്പറ്റൈറ്റിസ്-എ വാക്സിന് : മഞ്ഞപ്പിത്തത്തിനെതിരെ വളരെ ഫലപ്രദമാണ് ഈ വാക്സിന്. പതിനെട്ടു മാസത്തിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ വാക്സിന് എടുക്കുന്നത്. ആറു മാസത്തെ ഇടവേളയില്‍ രണ്ട് ഡോസാണ് വേണ്ടത്.
ഹെപ്പറ്റൈറ്റിസ്-ബി വാക്സിന് : വളരെ വേഗത്തില്‍ പകരുന്ന രോഗമായ ടൈപ്പ് ബി-മഞ്ഞപ്പിത്തത്തില്നിന്നും ഈ വാക്സിന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന കുത്തിവെപ്പാണിത്. ആദ്യത്തെ ഡോസ്, ജനിച്ച ഉടനേയും രണ്ടാമത്തേത് ഒരു മാസത്തിനുശേഷവും മൂന്നാമത്തേത് ആറു മാസം പ്രായമെത്തുമ്പോഴും കൊടുക്കുന്നതാണ് നല്ലത്. ഇത് സാധിക്കാതെ വരികയാണെങ്കില്‍ ആറാമത്തേയും പത്താമത്തേയും പതിനാലാമത്തേയും ആഴ്ചകളില്‍ ട്രിപ്പിള്‍ വാക്സിനൊപ്പവും അല്ലെങ്കില്‍ ജനിച്ച ഉടനെ, ആറാമത്തെ ആഴ്ചയിലും പതിനാലാം ആഴ്ചയിലും ഇത് നല്‍കാം.
ഹിമോഫിലസ് ഇന്‍ഫ്ലവന്‍സ-ബി വാക്സിന് : കുഞ്ഞുങ്ങളുടെ ഒരു വയസ്സുവരെയുള്ള പ്രായത്തിനിടയില്‍ മാരകമായ പല രോഗങ്ങള്‍ക്കും ഹിമോഫിലസ് ഇന്‍ഫ്ലവന്‍സ ബാക്ടീരിയ കാരണമാകാറുണ്ട്. ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, ചെവിയിലെ പഴുപ്പ്, തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്കജ്വരം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ട രോഗങ്ങളാണ്. ഇവയെ പ്രതിരോധിക്കുവാന്‍ ഹിബ് വാക്സിനു കഴിവുണ്ട്. ട്രിപ്പിളിന്റെ കൂടെ 6, 10, 14 ആഴ്ച പ്രായത്തില്‍ 3 ഡോസുകളും ഒന്നര വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസുമാണ് എടുക്കേണ്ടത്. ഒരു ഡോസ് വാക്സിന്റെ വില ഏകദേശം 400 രൂപയാണ്.
എം.എം.ആര്.വാക്സിന് : മുണ്ടിനീര്, അഞ്ചാംപനി, ജര്‍മ്മന്‍ മീസില്‍സ് എന്നിയെ പ്രതിരോധിക്കാന്‍ കഴിവുള്ള വാക്സിനാണിത്. ഒമ്പതാംമാസത്തില്‍ മീസില്‍സ് വാക്സിന് എടുത്ത കുട്ടി, പതിനഞ്ചാം മാസത്തില്‍ ബൂസ്റ്റര്‍ ഡോസായി എം.എം.ആര്. വാക്സിനെടുക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്ക് ജര്‍മ്മന്‍ മീസില്‍സ് പിടിപെട്ടാല്‍ ഗര്‍ഭസ്ഥശിശുവിന് മാരകങ്ങളായ അംഗവൈകല്യങ്ങള്‍ സംഭവിച്ചേക്കാം. അതുകൊണ്ട് എം.എം.ആര്. വാക്സിന് പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ജര്‍മ്മന്‍ മീസില്‍സിനെതിരെ മാത്രമായി റുബെല്ലാ വാക്സിന് ലഭ്യമാണ്. കൗമാരപ്രായക്കാര്‍ക്കും വിവാഹത്തിനു മുമ്പ് സ്ത്രീകള്‍ക്കും ഒരു ഡോസ് വാക്സിന് നല്കിയാല് ഗര്‍ഭസ്ഥശിശുവിനെ ബാധിച്ചേക്കാവുന്ന അണുബാധയില്‍നിന്നും രക്ഷനേടാം.
ടൈഫോയ്ഡ് വാക്സിന് : രണ്ട് ഡോസ് വാക്സിന് നാലു മുതല്‍ ആറ് ആഴ്ച ഇടവിട്ട് എടുക്കണം. മൂന്നു വര്‍ഷത്തേക്ക് ടൊഫോയ്ഡിനെ പ്രതിരോധിക്കാന്‍ സാധിക്കും. ശുദ്ധജലത്തിന്റെ ലഭ്യത കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നരും വിദൂരസ്ഥലങ്ങളില്‍ പോകുന്നവരും ഈ വാക്സിന് സ്വീകരിക്കുന്നത് വളരെ നല്ലതാണ്. വില ഏകദേശം 250 രൂപ
ചിക്കന്‍പോക്സ് വാക്സിന് : ചിക്കന്‍പോക്സ് അത്ര ഗുരുതരമായ ഒരു രോഗമല്ലെങ്കിലും ശ്വാസകോശങ്ങളെ ബാധിക്കുന്ന ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്സൈഫലിറ്റിസ് എന്നിവയ്ക്ക് കാരണമായേക്കാം. പതിമൂന്നു വയസ്സില്‍ താഴെ ഒരു ഡോസും മറ്റുള്ളവര്‍ക്ക് രണ്ട് ഡോസുകളും (4-8 ആഴ്ചകളുടെ ഇടവേളയില്‍) ആവശ്യമാണ്. വില ഒരു ഡോസിന് ഏകദേശം 1250 രൂപ.