Homeവീട്ടുകാര്യംകളിമണ്ണില്‍ വിരിയുന്ന കവിതകള്‍

കളിമണ്ണില്‍ വിരിയുന്ന കവിതകള്‍

ടെറക്കോട്ട ആഭരണങ്ങള്‍ക്ക് ഫാഷന്‍ ലോകത്ത് പ്രിയം ഏറുകയാണ്. ഏതു രൂപത്തിലും നിറത്തിലും  ആകര്‍ഷണീയമായ ആഭരണങ്ങള്‍ കളിമണ്ണുകൊണ്ട്  ഉണ്ടാക്കിയെടുക്കാം. കളിമണ്‍ ആഭരണങ്ങള്‍ക്ക് ഒരിക്കലും അതിന്റെ തനിമ നഷ്ടപ്പെടുന്നില്ലാത്തതിനാല്‍ ഫാഷന്‍ എത്ര മാറിവന്നാലും ഇവ ഉപയോഗിക്കാം. കോളേജിലോ ഓഫീസിലോ ഫങ്ഷനുകളിലോ എവിടെയുമാകട്ടെ കളിമണ്‍ ആഭരണങ്ങള്‍ ധരിച്ച് ഷൈന്‍ ചെയ്യാം. കോളേജ് കുമാരിമാര്‍ക്കും മധ്യവയ്സ്കകള്‍ക്കും ഒരുപോലെ ഇണങ്ങുന്നതാണ് കളിമണ്‍ ആഭരണങ്ങള്‍ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

കളിമണ്ണ് മയപ്പെടുത്തിയതിനു ശേഷം കൈകൊണ്ടോ പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള മോള്‍ഡുകള്‍ ഉപയോഗിച്ചോ ആഭരണങ്ങള്‍ രൂപകല്പന ചെയ്യുന്നു.  ഈ ആഭരണങ്ങള്‍ ചൂളയില്‍ ചുട്ടെടുത്ത ശേഷം ഫേബ്രിക് പെയിന്റ് ഉപയോഗിച്ച് നിറങ്ങള്‍ നല്‍കുന്നു. കളിമണ്ണിന്റെ സ്വാഭാവിക നിറങ്ങളും ചുട്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഡിസൈനുകളും നാച്ചുറലായി ഉപയോഗിക്കുന്ന പതിവും ഉണ്ട്.  എറണാകുളം ജില്ലയിലെ എരൂര്‍ കളിമണ്‍ നിര്‍മാണങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്.  ഇവിടെനിന്നു ലഭ്യമാകുന്ന കളിമണ്ണ് ടെറക്കോട്ട ആഭരണ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമാണ്.

വ്യത്യസ്ത ആകൃതികളിലുള്ള കൂജകളും , പൂച്ചട്ടികളും മറ്റു പാത്രങ്ങളുമൊക്കെയായി കളിമണ്ണില്‍ കവിത വിരിയിക്കുന്നവരാണ് കളിമണ്‍ പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിരിക്കുന്ന കരകൌശലവിദഗ്ദ്ധര്‍ . കളിമണ്‍ പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ ഈ മേഖല പ്രതിസന്ധി നേരിടുകയായിരുന്നു. എന്നാല്‍ കളിമണ്ണില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്ക്  പ്രിയം വര്‍ധിച്ചതോടെ കളിമണ്‍ കലാകാരന്മാര്‍ക്കും പ്രതീക്ഷ ഏറിയിരിക്കുകയാണ്.  സുന്ദരിമാരുടെ കൈയ്യിലും മെയ്യിലും ടെറക്കോട്ട ആഭരണങ്ങള്‍ അഴകു പകരുമ്പോള്‍ കളിമണ്‍ കലാകാരന്മാരുടെ ജീവിതങ്ങളും സുന്ദരമാവുകയാണ്.

Swapna
Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Must Read