ഓണത്തിന് അണിയേണ്ടത് ഏതു തരത്തിലുള്ള വസ്ത്രങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാനിടയില്ല. സ്ത്രീകള്‍ക്കു സെറ്റ് സാരി , പെണ്‍കുട്ടികള്‍ക്ക് കസവു പാവാടയും ബ്ലൌസും , പുരുഷന്മാര്‍ക്ക് കസവു മുണ്ടും ഷര്‍ട്ടും. കാലം എത്ര മാറിയാലും , ഫാഷന്‍ എത്ര മാറി വന്നാലും ഓണക്കാലത്ത് ഇതിന് യാതൊരു മാറ്റവും ഉണ്ടാവുകയില്ല. ജോലി സ്ഥലത്തെ ഓണാഘോഷങ്ങളിലും , റെസിഡന്റ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും ഓണാഘോഷങ്ങളിലുമെല്ലാം സെറ്റ് സാരികളുടെ വെറൈറ്റികളിലാണ് സുന്ദരിമാര്‍ തിളങ്ങുന്നത്. കസവു കരയുടെ വലിപ്പത്തിലും കസവില്‍ തീര്‍ത്ത ഏതാനും ചില ഡിസൈനുകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന സെറ്റുസാരികള്‍ ഫാബ്രിക് പെയിംന്റിംഗിന്റെ വരവോടെ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ്.
സെറ്റു സാരികളെ ആകര്‍ഷണീയമായ ഡിസൈനര്‍ സാരികളാക്കുന്നത് കേരള ട്രഡീഷണല്‍ മ്യൂറല്‍ പെയിന്റിംഗ്സ് ആണ്. ചുവര്‍ ചിത്രകലാ രീതിയില്‍ കേരളത്തനിമയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചിത്രങ്ങള്‍ സെറ്റ് സാരികളില്‍ പതിപ്പിച്ചു കഴിയുമ്പോള്‍ എല്ലാ കണ്ണുകളും അതു ധരിച്ചിരിക്കുന്ന സുന്ദരിയില്‍ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓണക്കാലത്ത് ആഘോഷങ്ങളില്‍ തിളങ്ങാന്‍ ഡിസൈനര്‍ സെറ്റ് സാരികള്‍ അന്വേഷിച്ച് എത്തുന്നവര്‍ ഏറിയിരിക്കുകയാണ്. മലയാളിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന മയില്‍, കഥകളി, ആലിലയും ഓടക്കുഴലും, വള്ളം കളി തുടങ്ങീ ഡിസൈനുകള്‍ക്കാണ് ആവശ്യക്കാരേറെയുള്ളത്. ചുവര്‍ചിത്ര ശൈലിയില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് സാരികളില്‍ വരയ്ക്കുകയാണ് ചെയ്യുന്നത്. ചുവര്‍ചിത്ര രചനയില്‍ ഉപയോഗിക്കുന്ന ചുവപ്പ് , പച്ച , നീല , മഞ്ഞ , വെള്ള , കറുപ്പ് എന്നീ ആറു നിറങ്ങളുടെ വ്യത്യസ്ത ഷേഡുകള്‍ മാത്രമേ സാരികളിലെ മ്യൂറല്‍ പെയിന്റിംഗിനും ഉപയോഗിക്കുകയുള്ളൂ. ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് വൈറ്റ് ബേസ് കൊടുത്ത ശേഷം പെയിന്റു ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. ഇത് ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കും.
സെറ്റുസാരികളില്‍ ചെയ്യുന്നതാണ് ഓണക്കാലത്തെ ട്രെന്‍ഡ് എങ്കിലും ഏതു തരം മെറ്റീരിയലിലും മ്യൂറല്‍ ഡിസൈനുകള്‍ ചെയ്യാവുന്നതാണ്. ഡിസൈനര്‍ സാരിയോടൊപ്പം അതിനു യോജിച്ച ടെറക്കോട്ട ഡിസൈനര്‍ ഓര്‍ണമെന്റ്സ് കൂടി അണിഞ്ഞു കഴിയുമ്പോള്‍ മറ്റു ഫാഷനുകള്‍ നാണിച്ചു മാറി നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.