ഫാഷന്‍ ലോകത്തെ ന്യൂ ജനറേഷന്‍ സൂപ്പര്‍താരമാണ് ജെഗ്ഗിങ്ങ്‌സ്. എന്താണ് ഈ ജെഗ്ഗിങ്ങ്‌സ് എന്നാലോചിച്ച് സമയം കളയാതെ വേഗം പോയി ഒന്നു വാങ്ങിക്കോളൂ. കാരണം ഫാഷനിലെ പുത്തന്‍ ട്രെന്‍ഡാണ് ഈ പുതുവേഷം. സ്കിന്നി ജീന്‍സ് എന്ന അച്ഛന് ലെഗ്ഗിങ്ങ്‌സ് എന്ന അമ്മയിലുണ്ടായ മകളാണ് ജെഗ്ഗിങ്ങ്‌സ് എന്നു പറയാം. ഇപ്പോള്‍ സാധനം എന്താണ് എന്നതിനെക്കുറിച്ച് ഒരു ഐഡിയ കിട്ടിക്കാണും അല്ലേ?
ജീന്‍സിന്റെയും ലെഗ്ഗിങ്ങ്‌സിന്റെയും കോമ്പിനേഷനാണ് ജെഗ്ഗിങ്ങ്‌സ്. ഡെനിം ലെഗ്ഗിങ്ങ്‌സ് എന്നും ഇതിനെ പറയാം. ഡെനിം മെറ്റീരിയല്‍ ആയതിനാല്‍ ലെഗ്ഗിങ്ങ്‌സ് ധരിക്കുമ്പോളത്തേതു പോലെ പിന്‍ഭാഗം മറയ്ക്കുന്നതോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യവുമില്ല. സ്‌കിന്നി ജീന്‍സ് മാത്രം മതി എന്നു ശാഠ്യം പിടിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ജെഗ്ഗിങ്ങ്‌സിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുകയാണ്. ഒട്ടിപ്പിടിച്ച ജീന്‍സ് ഇടുമ്പോഴുളള അസ്വസ്‌ഥതകളൊന്നും ജെഗ്ഗിങ്ങ്‌സ് ധരിക്കുമ്പോളിലാ എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.
ജെഗ്ഗിങ്ങ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് കൃത്യമായി ചേരുന്നുണ്ട് എന്ന് ധരിച്ചു നോക്കി ഉറപ്പുവരുത്തണം. ഇന്‍ഡിഗോ ബ്ലൂ നിറമുള്ള ജെഗ്ഗിങ്ങ്‌സ് ആണ് ഇപ്പോള്‍ ട്രെന്‍ഡ്. ബ്ലാക്കിനും ആരാധകര്‍ ഏറെയുണ്ട്. ഈ നിറങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഇരുണ്ട കളര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഷോര്‍ട്ട് / ലോംഗ് ടോപ്പുകള്‍ ജെഗ്ഗിങ്ങ്‌സിന്റെ കൂടെ ധരിക്കാം. ഏതു പ്രായക്കാര്‍ക്കും ഇണങ്ങും എന്ന പ്രത്യേകതയും ജെഗ്ഗിങ്ങ്‌സിനുണ്ട്.